ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപെട്ട ഭൂമിതട്ടിപ്പു കേസിലെ മുഖ്യപ്രതിക്കു ജാമ്യം ലഭിച്ചു. പള്ളിപ്പുറം സ്വദേശി സി.എം സെബാസ്റ്റ്യനാണ് (59) കോടതി ഉപാധികളാടെ ജാമ്യം അനുവദിച്ചത്. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി അരുണ്കുരുവിളയാണ് ജാമ്യം അനുവദിച്ചത്.
ജില്ലവിട്ടു പോകരുത്, തിങ്കൾ, ബുധൻ ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. കാണാതായ ബിന്ദുപത്മനാഭന്റെ പേരിൽ ഇടപ്പള്ളിയിലുള്ള 11സെന്റ് ഭൂമി ആൾമാറാട്ടം നടത്തി വ്യാജ പവർഓഫ് അറ്റോർണി ഉണ്ടാക്കി തട്ടിയെടുത്ത കേസിലും അനുബന്ധമായുള്ള മൂന്നു കേസുകളിലുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഒരുമാസത്തോളം ഒളിവിലായിരുന്ന സെബാസ്റ്റ്യൻ ജൂലൈ ഏഴിനു എറണാകുളം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് വലയിലായത്.