എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: അടുത്ത എൽഡിഎഫ് യോഗം ഈ മാസം പകുതിയോടെ. യോഗത്തിന്റെ പ്രധാന അജണ്ടയായി നിശ്ചയിച്ചിരിക്കുന്നത് മുന്നണി വിപുലീകരണമാണെന്ന് എൽഡി എഫ് കണ്‍വീനർ എ വിജയരാഘവൻ. മുന്നണി പ്രവേശനം കാത്ത് ധാരാളം കക്ഷികൾ മുന്നണിക്ക് പുറത്തു നിൽപ്പുണ്ട്. ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ കാര്യമായ ചർച്ച നടക്കും. എൽഡിഎഫിന്റെ ആശങ്ങളുമായി യോജിച്ചു പോകാൻ പറ്റുന്ന കക്ഷികളൊയൊക്കെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്നതാണ് നയം.
യുഡിഎഫിൽ നിന്നടക്കം പല കക്ഷികളും എൽഡിഎഫിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ആർഎസ്പിക്ക് എൽഡിഎഫിലേക്ക് വരാൻ നിലവിലെ സാഹചര്യത്തിൽ യാതൊരു തടസവുമില്ല. തീരുമാനമെടുക്കേണ്ടത് അവരാണ്. അവർ തീരുമാനം അറിയിച്ചാൽ എൽഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യും. മുന്നണി പ്രവേശന കാര്യത്തിൽ നിലവിലെ മുന്നണിയിലെ കക്ഷികളുമായി കൂട്ടായ ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കും.
സിപിഎം കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും കഴിഞ്ഞ ശേഷമായിരിക്കും എൽഡിഎഫ് യോഗത്തിന്റെ തീയതി നിശ്ചയിക്കുകയെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഐഎൻഎൽ, വിരേന്ദ്ര കുമാറിന്റെ ജനതാദൾ, ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഫ്രാൻസിസ് ജോർജ്ജ് നേതൃത്വം നൽക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റ്, പിടി.എ റഹീമിന്റെ നാഷണൽ സെക്യുലർ കോണ്‍ഫറൻസ് തുടങ്ങിയ കക്ഷികളാണ് പ്രധാനമായും എൽഡിഎഫ് പ്രവേശനം കാത്തു നിൽക്കുന്നത്.
ജനതാദളിന് എംപി സ്ഥാനവും പിള്ളയുടേയും പിടിഎ റഹീമിന്റെയും പാർട്ടികൾക്ക് എംഎൽഎ സ്ഥാനവുമുണ്ട്. അടുത്ത എൽഡിഎഫ് യോഗത്തിനു പുറത്തു നിൽക്കുന്ന കക്ഷികളോട് നിലവിൽ മുന്നണിയിലുള്ള ചെറുകക്ഷിളുമായി ലയിക്കാനാണ് എൽഡിഎഫ് നിർദ്ദേശിച്ചിരിക്കുന്നത്.
പരമാവധി കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്താനാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടു വച്ചത്. നിർദ്ദേശം വന്നതിനു പിന്നാലെ നിലവിൽ മുന്നണിയിലുള്ള സ്കറിയാ തോമസിന്റെ കേരള കോണ്‍ഗ്രസും ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയും തമ്മിൽ ലയിക്കാൻ തീരുമാനിച്ചെങ്കിലും പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകൾക്കു മുന്‍പ് സ്ഥാനമാനങ്ങളെച്ചൊല്ലിയുള്ള തർക്കം കാരണം അതു നടക്കാതെ പോയി. അടുത്ത എൽ.ഡി.എഫിനു മുന്‍പ് അന്തിമ തീരുമാനമെടുക്കണമെന്ന് കർശന നിർദ്ദേശം സിപിഎം ഉൾപ്പടെ നൽകിയിരിക്കുകയാണ്.