അതിരപ്പിള്ളി: രണ്ടു ദിവസം സന്ദർശകർക്കു വിലക്കേർപ്പെടുത്തി അടച്ചിട്ട അതിരപ്പിള്ളി, തുന്പൂർമൂഴി, വാഴച്ചാൽ വിനോദകേന്ദ്രങ്ങൾ ഇന്നു തുറന്നുകൊടുത്തു. വൻ തിരക്കാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ അനുഭവപ്പെടുന്നത്. മഴ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ രൗദ്രത ഒട്ടും കുറഞ്ഞിട്ടില്ല. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കൊന്നും പോകാൻ സന്ദർശകരെ സമ്മതിക്കുന്നില്ല.
ദൂരെനിന്ന് കാണാൻ മാത്രമേ അനുവാദമുള്ളൂ. അപകടസാധ്യത നിലനിൽക്കുന്നതിനാലാണ് നിയന്ത്രണമെന്ന് അധികൃതർ പറഞ്ഞു. ടൂറിസം പോലീസും വനസംരക്ഷണസേനയും സുരക്ഷയ്ക്കായി അതിരപ്പിള്ളി മേഖലയിലുണ്ട്. രണ്ടു ദിവസം അതിരപ്പിള്ളിയിലേക്കു സന്ദർശകരെ കടത്തിവിട്ടിരുന്നില്ലെങ്കിലും നിരവധി പേർ ഈ ദിവസങ്ങളിൽ ഇവിടെയെത്തിയിരുന്നു. ഇവരിൽ പലരും മടങ്ങിപ്പോയെങ്കിലും ചിലരെല്ലാം ഇവിടെ താമസിച്ചിരുന്നു. അതിരപ്പിള്ളിയിലേക്കുള്ള വിലക്ക് നീക്കിയതറിഞ്ഞ് നിരവധിപേർ എത്തിക്കൊണ്ടിരിക്കുകയാണ്.
ഉരുൾപൊട്ടലും പുഴ കരകവിഞ്ഞൊഴുകിയതും മൂലമാണ് രണ്ടു ദിവസം സന്ദർശകരെ തടഞ്ഞത്. സന്ദർശനം അനുവദിച്ചെങ്കിലും നിയന്ത്രണങ്ങളും തുടരും. അപ്രോച്ച് റോഡ് ഇടിഞ്ഞു ഗർത്തമുണ്ടായതും മണ്ണിടിഞ്ഞതും മൂലം അപകടസാധ്യത ഉള്ളതിനാൽ ചാർപ്പയിൽ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. സഞ്ചാരികളെ ഇറക്കിയാൽ അപകട സാധ്യതയുള്ളതിനാലാണ് സഞ്ചാരികളുടെ വാഹനം നിർത്താൻ അനുവദിക്കാത്തത്.
മണ്ണിടിച്ചിലും അപകടസാധ്യതയും കണക്കിലെടുത്ത് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കുള്ള നിരോധനം ആനമല റോഡിലും തുടരും. നേരത്തെ ഭാരവാഹനങ്ങൾക്ക് ഈ റോഡിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. വനം വകുപ്പിന്റെ വാഴച്ചാൽ മലക്കപ്പാറ ചെക്ക് പോസ്റ്റുകളിൽ വിനോദ സഞ്ചാരികളുടെ വാഹനം കടത്തിവിടുന്നില്ല.
സുരക്ഷാപരിശോധനകൾ നടത്തിയശേഷമാണ് സന്ദർശകരെ കടത്തിവിടാൻ അധികൃതർ തീരുമാനിച്ചത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ആനമല റോഡിൽ പരിശോധന നടത്തിയിരുന്നു. എക്സി.എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ചാർപ്പയിലെ അറ്റകുറ്റപ്പണികൾ ഇന്നു രാവിലെ ആരംഭിച്ചിട്ടുണ്ട്.
ചാലക്കുടി പുഴ കരകവിഞ്ഞതിനെതുടർന്ന് ഉദ്യാനത്തിൽ വെള്ളം കയറിപ്പോൾ അടച്ച തുന്പൂർമുഴി ഉദ്യാനത്തിൽ സുരക്ഷാ പരിശോധന നടത്തി. തൂക്കുപാലവും അനുബന്ധസ്ഥലങ്ങളും പരിശോധിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. തുന്പൂർമുഴി ഉദ്യാനത്തിൽ വെള്ളക്കെട്ട് പൂർണമായും മാറിയിട്ടില്ല. തൂക്കുപാലത്തിലൂടെയുള്ള യാത്രയും അനുവദിക്കുന്നില്ല.