പാലക്കാട്: നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടം തകർന്നു വീണു. മൊബൈൽ ഫോണ് കടകളും ലോഡ്ജും ഉൾപ്പടെ പ്രവർത്തിക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നു വീണത്. കാലപ്പഴക്കമാണ് കെട്ടിടം തകർന്നു വീഴാൻ കാരണമായിരിക്കുന്നത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 11 പേരെ നാട്ടുകാരും അഗ്നിശമനസേന പ്രവർത്തകരും ചേർന്ന് പുറത്തെടുത്തു. ഇവരെ പാലക്കാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധന തുടരുകയാണ്.
ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തമുണ്ടായത്. ഉച്ചയൂണിനായി പല സ്ഥാപനങ്ങളും അടച്ചതിനാൽ കെട്ടിടത്തിനുള്ളിൽ ആളുകൾ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പോലീസ്. എങ്കിലും ഇരുപതോളം പേരെങ്കിലും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകൾഭാഗം ടിൻഷീറ്റ് ഇട്ട നിലയിലായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.