കണ്ടശാംകടവ്: കണ്ടശാംകടവ് പാലത്തിന്റെയും പുഴയുടെയും കാര്യത്തിൽ കണ്ണടച്ച് അധികൃതർ. വൈദ്യുതി തെരുവുവിളക്കുകൾ കണ്ണടച്ചതോടെ ഇരുട്ടിലായ പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം തള്ളുന്നത് പതിവായി.
7,70, 000 രൂപ ചെലവഴിച്ച് സ്ഥാപിച്ച പത്ത് വൈദ്യുതി ക്കാലുകളിലെ എൽഇഡി. ബൾബുകൾ കത്താതെയായിട്ട് ഒരു മാസത്തിലധികമായി.
ഒരോ വൈദ്യുതിക്കാലിനും 77,000 രൂപ ചെലവിട്ടാണ് സ്ഥാപിച്ചതെങ്കിലും ഇപ്പോൾ എൽഇഡി ബൾബുകൾ മാറ്റി സ്ഥാപിക്കാൻ ആരുമില്ലാതെയായി.സി.എൻ.ജയദേവൻ എം .പി .യുടെ 2014-15 വർഷത്തെ പ്രത്യേക ഫണ്ടിൽ നിന്നാണ് ഇത് സ്ഥാപിച്ചത്. മണലൂർ ,വാടാനപ്പള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃശൂർ – വാടാനപ്പള്ളി റൂട്ടിലെ ഏറ്റവും വലിയ പാലമാണിത്.
പരിപാലന ചുമതല വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിനുമാണ്. പാലത്തിലെ വഴിവിളക്കുകളിൽ ഒന്നും പോലും കത്താതെയായതോടെ രാത്രി കാലങ്ങളിൽ പാലത്തിലെ യാത്ര അപകടകരമാണ്. നടപ്പാത പോലുമില്ലാത്ത ഈ പാലത്തിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. ഇരുളിന്റെ മറവിൽ വാഹനങ്ങളിലെത്തി മാലിന്യ ചാക്കുകളും സഞ്ചികളും കാനോലി പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.