മട്ടന്നൂർ: പണവുമായി പോകുകയായിരുന്നയാളെ കാറിൽ തട്ടിക്കൊണ്ടു പോകുന്നതിനിടെ പിടിയിലായ രണ്ടു പേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാലക്കുടി വലിയോളി പറമ്പിലെ സതീശ (28)നെയാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്ത് ഇന്നു ഉച്ചയോടെ അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റു കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ സതീശനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച വടകര സ്വദേശി ടി.വി.ഹുസൈനിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് ഒന്നാടെ ചാവശേരി പഴയ പോസ്റ്റോഫീസ് പരിസരത്ത് വച്ചായിരുന്നു സംഭവം. രണ്ടു ലക്ഷം രൂപയുമായി റോഡിലൂടെ പോകുന്നതിനിടെ ഇരിട്ടി ഭാഗത്തു നിന്നു വന്ന കാർ നിർത്തി ഹുസൈനെ പിടിച്ചു കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്നു.
പത്തൊമ്പതാം മൈൽ, ചാവശേരിപ്പറമ്പ് വഴി അമിത വേഗതയിൽ പോയ കാർ എതിരെ വന്ന ബൈക്കിനും കാറിനും ഇടിച്ച ശേഷം പറയനാട് ആട്ട്യാലം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞതോടെ. ചാലക്കുടി സ്വദേശി സതീശനെയും കോളയാട് മേനച്ചോടി സ്വദേശി വിശ്വനെയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.
ഇവരിൽ നിന്നു കത്തിയും തോക്കിൽ ഉപയോഗിക്കുന്ന മൂന്നു തിരകളും പോലീസ് കണ്ടെടുത്തു. നാട്ടുകാർ നടത്തിയ തെരച്ചലിൽ തൈപറമ്പിൽ നിന്നു 1.7 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് മട്ടന്നൂർ ഗവ.ആശുപത്രിയിലും കണ്ണൂർ ഗവ.ആശുപത്രിയിലും ഇരുവരും ചികിൽസയിലായിരുന്നു. വിശ്വന്റെ അറസ്റ്റു രേഖപ്പെടുത്തിയി ല്ല.
കൂട്ടത്തിലുണ്ടായിരുന്ന മാഹി, ഉളിയിൽ സ്വദേശികൾക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയാണ്. സംഘം സഞ്ചരിച്ച കാർ നാട്ടുകാർ അടിച്ചു തകർത്തിരുന്നു. അറസ്റ്റിലായ സതീശനെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.