ഉദിനൂർ: ഉദിനൂരിലും പരിസരപ്രദേശങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന മോഷണത്തിൽ ജനങ്ങൾ പരിഭ്രാന്തിയിൽ. മാസങ്ങൾക്ക് മുന്പ് ഉദിനൂർ പരത്തിച്ചാലിലെ ടി.സി. മുസമ്മലിന്റെയും ടി. അലീമയുടെ വീടുകളിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. മുസമ്മിലിന്റെ വീട്ടിൽ നിന്നും 17,000 രൂപയും അലീമയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളുമാണ് കവർന്നത്.
അടുത്തിടെ തൃക്കരിപ്പൂർ ടൗണിലെ വസ്ത്ര വ്യാപാരി കാരോളത്തിനടുത്ത് വൾവക്കാട്ടെ ലത്തീഫിന്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച അര ലക്ഷം രൂപയും വീട് കുത്തിത്തുറന്ന് കവർച്ച ചെയ്തിരുന്നു. ഈ കവർച്ചകളിലൊന്നും പോലീസിന് ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല.
ഉദിനൂർ ജുമാ മസ്ജിദ് പരിസരത്തെ സി.കെ. മുനീറയുടെ വീട്ടിൽ കള്ളൻ ഡയലോഗ് എഴുതി വച്ചതിനുശേഷമാണ് സ്ഥലം വിട്ടത്. പണം തിരിച്ചു തരുമെന്നും അത്യാവശ്യമുള്ളതുകൊണ്ടാണ് എടുക്കുന്നതെന്നും കള്ളനല്ല കൊണ്ടു പോകുന്നതെന്നും കവർച്ച നടന്ന വീടിന്റെ ചുവരിൽ പെൻസിൽ ഉപയോഗിച്ച് മലയാളത്തിൽ എഴുതിയത്.
ഇവിടെ നിന്നും രണ്ട് കിടപ്പ് മുറികളുടെയും വാതിലുകളും അലമാരകളും കുത്തിത്തുറന്നാണ് സ്വർണഭാരങ്ങളും പണവും കൊണ്ടുപോയത്. ഇത്തരത്തിൽ ഒരെഴുത്ത് പോലീസിനെയും കുഴക്കുന്നു.വീട്ടുകാർ പുറത്ത്പോയ തക്കത്തിന് വീടുകളിൽ കയറിസ്വർണാഭരണങ്ങളും പണവും കവരുന്ന സംഘം തൃക്കരിപ്പൂരിലും പരിസരങ്ങളിലും സജീവമായതായാണ് ഉദിനൂരിലെ വീടുകളിൽ നടന്ന സംഭവങ്ങളിൽ നിന്നും മനസിലാവുന്നത്.