തൊടുപുഴ: ക്രൂരമായി കൊല ചെയ്യപ്പെട്ട നാലംഗകുടുംബത്തിന് ഒരു കുഴിയിൽ അന്ത്യവിശ്രമം ഒരുക്കി. മുണ്ടൻമുടി കന്പകക്കാനം കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവർക്കാണ് ഇന്നലെ ഒരു കുഴിയിൽ നാട്ടുകാരും ബന്ധുക്കളും അന്ത്യയാത്രയൊരുക്കിയത്.
കോട്ടയം മെഡിക്കൽകോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മുണ്ടൻമുടിയിലെത്തിച്ചത്. തുടർന്ന് ഇവരുടെ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളിൽ നൂറുകണക്കിന് ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം ഇവരെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കുഴിയ്ക്കു സമീപത്തു തന്നെയാണ് നാലു പേരെയും അടക്കുന്നതിനായുള്ള വലിയ കുഴി തയാറാക്കിയത്. കൃഷ്ണന്റെ ജേഷ്ഠ സഹോദരൻ യജ്ഞേശൻ അന്ത്യ കർമങ്ങൾ നിർവഹിച്ചു.