പത്തനംതിട്ട: മണ്ണ്, പാറഖനനം വിഷയത്തിൽ ജില്ലാ ജിയോളജിസ്റ്റ് പിടിയിലായ സംഭവത്തിനു പിന്നാലെ ജോലിതട്ടിപ്പുമായി ബന്ധപ്പെട്ടും സിപിഎം നേതാക്കൾക്കെതിരെ ആരോപണം. സഹകരണബാങ്കുകളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുടരുന്നതിനിടെയാണ് ജില്ലാ ജിയോളജിസ്റ്റിന്റെ നിയമനം സംബന്ധിച്ച് സിപിഎം എംഎൽഎയ്ക്കെതിരെ ആരോപണമുണ്ടായത്.
അടുർ തുവയൂർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടവും സഹായി തുവയൂർ സ്വദേശിയും സിപിഎം അനുഭാവിയുമായ ജയസൂര്യ എന്ന യുവതിയുമാണ് കൊല്ലത്ത് കഴിഞ്ഞദിവസം പിടിയിലായത്.
കെടിഡിസി, സ്പോർട്സ് കൗൺസിൽ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, വിഴിഞ്ഞം പോർട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതിനാണ് ഇവർ പിടിയിലായത്. കേസ് കൊല്ലം പോലീസും സൈബർവിഭാഗവുമാണ് അന്വേഷിക്കുന്നത്.
കെടിഡിസി ചെയർമാനും മുൻനിയമസഭാ സ്പീക്കറുമായ എം. വിജയകുമാറിന്റെ ലെറ്റർപാഡ്, ഔദ്യോഗികസീൽ, ഒപ്പ് എന്നിവ വ്യാജമായി നിർമിച്ച് 20 പേരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് തട്ടിപ്പിലൂടെ കൈക്കലാക്കിയിരിക്കുന്നത്.
പ്രശാന്തിന്റെ കടന്പനാട് തുവയൂരിലെ വീട്ടിൽ ഇന്നലെ പോലീസ് പരിശോധന നടത്തി ലാപ്ടോപ്പ്, മൊബൈൽഫോണുകൾ, ലെറ്റർപാഡുകൾ, നിയമന ഉത്തരവുകൾ എന്നിവ കണ്ടെടുത്തു. സൈബർ സെൽ കൊല്ലം എസ്ഐ ജോഷിയുടെ നേതൃത്വത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്.