വൈക്കം: വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം വെള്ളൂർ – തോന്നല്ലൂർ ഭാഗങ്ങളെ ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ നിർമിച്ച റെയിൽവേ പാലത്തിന്റെ നടപ്പാത അറ്റകുറ്റപ്പണി നടത്തി ഉടൻ തുറന്നുകൊടുക്കാൻ അധികൃതർ നടപടി ഉൗർജിതമാക്കണമെന്ന ആവശ്യം ശക്തമായി.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഫുട്പാത്ത് കാലപ്പഴക്കത്താൽ ജീർണിച്ചതിനെ തുടർന്ന് അപകട സാധ്യത മുൻനിർത്തിയാണ് റെയിൽവേ അധികൃതർ രണ്ടാഴ്ച മുന്പ് ഫുട്പാത്തിന്റെ ഗേറ്റ് അടച്ചത്. വെള്ളൂരിന്റെ സമീപ സ്ഥലങ്ങളായ തോന്നല്ലൂർ, കൈപ്പട്ടൂർ, തൊട്ടുർ, വട്ടപ്പാറ, വടകര, വരിക്കാംകുന്ന് ആയുർവേദാശുപത്രി എന്നിവടങ്ങളിലേയ്ക്ക് പോകുന്നതിന് റെയിൽവേ ഫുട്പാത്ത് കടന്നാൽ ഒന്നര കിലോമീറ്റർ യാത്ര ലാഭിക്കാനാകും.
ദിനംപ്രതി വിദ്യാർഥികളടക്കം 500 പേർ ഇതുവഴി കടന്നു പോകുന്നുണ്ട്. റെയിൽവേ ഫുട്പാത്തിന്റെ ഗേറ്റ് അടച്ചതോടെ വയോധികരും വിദ്യാർഥികളുമൊക്കെ വെള്ളൂർ ജംഗ്ഷനിലെ മേൽപാലത്തിലേയ്ക്കുള്ള പടവുകൾ കയറി റെയിൽവേ ട്രാക്കുകൾ മുറിച്ചുകടന്നാണ് ഫുട്പാത്തിലൂടെ പുഴയുടെ മറുകര എത്തുന്നത്.
ഇന്നലെ തോന്നല്ലൂരിൽ വൈക്കം വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെ റെയിൽവേട്രാക്ക് മെയിന്റന്റെ രാജസ്ഥാൻ സ്വദേശി വിജയ് സിംഗി (34)നെ ട്രെയിയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഫുട് പാത്ത് അടഞ്ഞതോടെ കുത്തനെയുള്ള പടവുകൾ കയറി മുകളിലെത്തി രണ്ടു പാളങ്ങൾ മുറിച്ചു കടന്നാണ് ജീർണിച്ച ഫുട്പാത്തിലൂടെ ആളുകൾ കടന്നു പോകുന്നത്.
ഫുട്പാത്ത് നിർമിക്കുന്ന കാലത്ത് റെയിൽവേയുമായി ഉണ്ടാക്കിയ കരാറിൽ അറ്റകുറ്റപണിയുടെ ചുമതല ആർക്കാണെന്ന രേഖകണ്ടെടുക്കാനായിട്ടില്ല. ഫുട് പാത്തിലൂടെ മറുകര കടക്കുന്നവരുടെ ജീവൻ പന്താടാതെ ഫുട്പാത്ത് അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കാൻ എംപി, എംഎൽഎ തുടങ്ങിയവർ മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.