കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നൃത്തവിഭാഗം അടുത്തമാസം നടത്തുന്ന “അരങ്ങ്’ എന്ന പരിപാടിയിൽ നൃത്തം അവതരിപ്പിക്കുന്നതിനുളള ഒരുക്കത്തിനിടയിലാണു ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ (26) അകാലത്തിലുള്ള വേർപാട്.
സ്റ്റാർ സിംഗർ ഉൾപ്പെടെ നിരവധി സംഗീത ഷോകളിൽ തിളങ്ങിയ എംഎ രണ്ടാം വർഷ മോഹിനിയാട്ടം വിദ്യാർഥിനിയായ മഞ്ജുഷയുടെ മരണം ഉൾക്കൊള്ളാൻ സഹപാഠികൾക്കു മാത്രമല്ല അധ്യാപകർക്കുമാകുന്നില്ല.
കലാഭവൻ മണിയുടെ സഹോദരനും ഗസ്റ്റ് അധ്യാപകനുമായ ആർ.എൽ.വി. രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു മഞ്ജുഷ ഉൾപ്പെട്ട സംഘത്തിന്റെ പരിശീലനം. പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണു വാഹനാപകടത്തിന്റെ രൂപത്തിൽ മഞ്ജുഷയുടെ ജീവൻ നഷ്ടമായതെന്നു രാമകൃഷ്ണൻ വേദനയോടെ പറഞ്ഞു. ഇരയമ്മൻതന്പിയുടെ കൃതിയുടെ ദൃശ്യാവിഷ്ക്കാരമാണ് ഇവർ അവതരിപ്പിക്കാനിരുന്നത്.