ഗുരുവായൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12ന്് ശ്രീകൃഷ്ണകോളജിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി ബുള്ളറ്റ് പ്രൂഫ് കാറിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഉച്ചപൂജനടതുറന്നശേഷം ദർശനം നടത്തും. തുടർന്ന് മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തിയശേഷം ശ്രീവത്സത്തിൽ തിരിച്ചെത്തി ഒന്നരയോടെ മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അരിയന്നൂർ മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസ്് വരെയുള്ള റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന ജംഗഷനുകളിലായി ക്യാമറകൾ സ്ഥാപിക്കും. ദർശനത്തിന് പോകുന്നതിന് അരമണിക്കൂർ മുന്പ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് നിർത്തും.
ഹെലിപ്പാഡിൽ ഇറങ്ങുന്നതിന് ഒരുമണിക്കൂർ മുന്പ് അരിയന്നൂർ വഴിയുള്ള വാഹന ഗതാഗതവും നിരോധിക്കും. രാഷ്ട്രപതിയെ വരവേൽക്കാനായി ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസ് പെയിന്റ് ചെയ്ത് മോടിപിടിപ്പിക്കുന്ന പണി ആരംഭിച്ചു.ഇന്നർ റിങ് റോഡിലെ ടാറിംഗ് പ്രവർത്തിയും തുടങ്ങി.
മമ്മിയൂർ ദർശനത്തിന് പോകുന്നതിനാൽ ഈഭാഗത്തേക്കുള്ള റോഡും ടാർ ചെയ്യും. ഞായറാഴ്ച എൻഎസ്ജി ഉദ്യോഗസ്ഥരെത്തി സെക്യൂരിറ്റി പരിശോധനകൾ നടത്തും. അസി. കളക്ടർ രേണുരാജ്, പൊതുമാരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ സി.വി.വിജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗുരുവായൂരിലും മമ്മിയൂരിലും എത്തി ഒരുക്കങ്ങൾ വിലയിരുത്തി.