ഇരിങ്ങാലക്കുട: സൗദിയിൽ വിപണന മേഖലയിലെ 12 തൊഴിലുകൾ അടുത്ത മാസം മുതൽ സ്വദേശിവത്കരിക്കുന്നതുമൂലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ജില്ലാ കണ്വൻഷൻ ചൂണ്ടിക്കാട്ടി.
നാട്ടിലേക്കു തിരിച്ചുവരുന്ന ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി സമഗ്ര തീവ്രയത്ന പരിപാടികൾ നടപ്പാക്കണമെന്നു കണ്വൻഷൻ ആവശ്യപ്പെട്ടു. തിരിച്ചുവന്നതുവരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി നോർക്ക തുടങ്ങിയ വായ്പാ പദ്ധതി ദേശസാൽകൃത ബാങ്കുകൾ നിഷേധിക്കുകയും പ്രവാസികളുടെ സാന്ത്വന ചികിത്സാ പദ്ധതിയിൽ അപേക്ഷിച്ചവർ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും യോഗം ചൂണ്ടികാട്ടി.
സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പിള്ളിൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യു.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. വിൻസെന്റ് പോൾ, സെബാസ്റ്റ്യൻ തോമസ്, സദാനന്ദൻ, സിന്നി ജോയ്, നജ്മ, ശശീധരൻ എന്നിവർ പ്രസംഗിച്ചു.