തൃശൂർ:ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. പനി ന്യുമോണിയായി മാറുന്നതും വർധിക്കുന്നു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ന്യൂമോണിയ ബാധിതർ ചികിത്സയിലാണ്. ജില്ലയിൽ ഈ മാസം രണ്ടു ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 2379 പേരാണ്. ഇതിൽ 47 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ആറ് ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ചു.
മതിലകം, കൊടുങ്ങല്ലൂർ, വെള്ളാങ്കല്ലൂർ, മേത്തല, എടവിലങ്ങ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പനിക്ക് സ്വയം ചികിത്സ പാടില്ലെന്നും എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ പലരും പനിയും ചുമയും മാറാൻ പാരാസെറ്റമോൾ കഴിക്കുകയും പലപ്പോഴും പനി മാറാതെ വരുന്പോൾ മാത്രം ഡോക്ടറെ കാണാൻ തയ്യാറാവുകയും ചെയ്യുന്നു.
പനി ന്യുമോണിയയായി മാറിക്കഴിയുന്പോഴാണ് പലരും ആശുപത്രിയിലേക്ക് വരാൻ സന്നദ്ധരാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ന്യൂമോണിയ ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തെയത്ര ഇല്ലെന്നാണ് ഒൗദ്യോഗിക കണക്കുകൾ. അതേസമയം പനിബാധിതരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് ജില്ല ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കൊതുകുകളും അവയുടെ ഉറവിടങ്ങളുമെല്ലാം കനത്ത മഴയിൽ നശിച്ചുപോയതുകൊണ്ട് കൊതുകുപരത്തുന്ന പനികൾ കുറവാണെന്നും എന്നാൽ മഴ ശമിക്കുന്നതോടെ ഇത്തരം പനികൾ വരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.