തൃശൂർ: സ്വരാജ് റൗണ്ടിൽ നിരവധി “പാന്പു’കൾ ഇഴയുന്നത് കണ്ടിട്ടുണ്ടെങ്കിലും യഥാർഥ പാന്പിനെ കണ്ടതോടെ ആളുകൾ ഞെട്ടി.
സീബ്രാ ലൈനൊന്നും നോക്കാതെ ജോസ് തിയേറ്ററിനു മുന്നിലൂടെ പാന്പ് റോഡ് മുറിച്ചുകടന്ന് തേക്കിൻകാട്ടിലേക്കു കയറാൻ ശ്രമിച്ചെങ്കിലും വാഹനത്തിരക്കു മൂലം എന്തു ചെയ്യണമെന്നറിയാതെ പാന്പും കണ്ഫ്യൂഷനിലായി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.
പാന്പിനെ കണ്ട് വാഹനങ്ങൾ നിർത്തിയിട്ടതോടെ റൗണ്ടിലെ ഗതാഗതവും കുരുങ്ങി. റോഡിന് അപ്പുറത്തേക്കു കടക്കാൻ പറ്റാതായതോടെ പാന്പ് അടുത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ കയറി. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്ത് പാഞ്ഞെത്തി. പാന്പിനെ കാണാൻ ആളുകളും തിക്കിതിരക്കിയതോടെ അര മണിക്കൂറിലധികമാണ് വാഹനഗതാഗതം തടസപ്പെട്ടത്.
പാന്പിനെ പുറത്തിറക്കാൻ പോലീസും വനപാലകരും ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വന്യജീവി സംരക്ഷണ പ്രവർത്തകനായ ജോജു മുക്കാട്ടുകരയെ സ്ഥലത്തെത്തിച്ചു. സീറ്റിനടിയിൽ ഒളിച്ചിരുന്ന പാന്പിനെ ഒടുവിൽ പിടികൂടി കുപ്പിയിലാക്കി. വില്ലുണ്ണി എന്നു വിളിക്കുന്ന പാന്പാണ് ആളുകളെ ഒരു മണിക്കൂറോളം പേടിപ്പിച്ച് നിർത്തിയത്. വിഷമില്ലാത്ത പാന്പാണ് ഇതെന്നു പറയുന്നു.