ഓണത്തിന് ചാനല്‍ സിനിമകളില്‍ ഒന്നാമതെത്താന്‍ സൂര്യ ടിവി. സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ മറ്റു ചാനലുകളെ പിന്തള്ളും, സൂര്യയുടെ ഓണം ഇങ്ങനെ

ചാനലുകളെ സംബന്ധിച്ചിടത്തോളം ചാകരക്കാലമാണ് ഓണം. പരസ്യത്തിന്റെ കുത്തൊഴുക്കില്‍ വരുമാനം പരിധികളില്ലാതെ കുതിക്കും. അതുകൊണ്ട് തന്നെ ഓണത്തിന് മികച്ച പരിപാടികളൊരുക്കി കളം കൊഴുപ്പിക്കുക ചാനലുകളുടെ പതിവു രീതിയാണ്. മറ്റൊരു ഓണം കൂടി എത്തുമ്പോള്‍ പതിവുപോലെ ചാനലുകള്‍ മത്സരം തുടങ്ങി. സൂപ്പര്‍ ഹിറ്റ് സിനിമകളുമായാണ് സൂര്യയുടെ വരവ്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഇത്തവണ സൂര്യയിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ നീരാളി, മമ്മൂട്ടിയുടെ എബ്രഹാമിന്റെ സന്തതികള്‍, ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി, ടൊവീനോയുടെ മായാനദി എന്നീ സിനിമകളാണ് സൂര്യയില്‍ വരുന്നത്. ജൂലൈ 12ന് തിയറ്ററില്‍ റിലീസിനെത്തിയ നീരാളി മൂന്ന് കോടിയിലധികം ഗ്രാഫിക്സിന് വേണ്ടി മാത്രം ചെലവഴിച്ച ചിത്രമാണ്.

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ജയസൂര്യ ട്രാന്‍സ്ജന്‍ഡറായി എത്തിയ സിനിമ റംസാന്‍ റിലീസായി ജൂണ്‍ 15നായിരുന്നു തിയറ്ററിലെത്തിയത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച ചിത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടി. ചിത്രവും ഇക്കുറി ഓണം പ്രിമിയറായി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍ നായകനായി കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ എത്തിയ ചിത്രമാണ് കുട്ടനാടന്‍ മാര്‍പ്പാപ്പ. നവാഗതനമായ ശ്രീജിത് വിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മറ്റു ചാനലുകളും വരുംദിനങ്ങളില്‍ സിനിമകള്‍ പ്രഖ്യാപിക്കും.

Related posts