കരുനാഗപ്പള്ളി: തഴവ ഗവ: എവി എൽ പി എ സിലെ അധ്യാപികയെ സ്കൂളിൽ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ. വിദ്യാഭ്യാസ വകുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രാജി സ്കൂളിൽ താൽകാലിക അധ്യാപികയായി ജോലി ചെയതത്.
അതിനാൽ അവരെ പിരിച്ചുവിടാനോ തിരിച്ചെടുക്കാനോ നിയമപരമായി കഴിയില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകല പറഞ്ഞു. സ്കുളിലെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ അധ്യാപകരെ നിയമിക്കാകു എന്നാണ് ചട്ടം. ഒരധ്യാപകൻ ലീവെടുക്കുകയോ അല്ലെങ്കിൽ ഒഴിവുണ്ടാകുകയോ ചെയ്താൽ താത്കാലിക അധ്യാപകരെ നിയമിക്കാനും വിദ്യാഭ്യാസ വകുപ്പധികൃതരുടെ അനുമതി വേണം.
ഇന്റർവ്യു നടത്തി വേണം താത്കാലിക അധ്യാപകരെ തിരഞ്ഞെടുക്കാൻ. തഴവ ഗവ: എവിഎൽപിഎസിൽ നിലവിലെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചുള്ള അധ്യാപകരുണ്ട്. ഒരാൾ ലീവെടുത്താൽ മാത്രമേ പുതുതായി താത്കാലിക അധ്യാപികയെ നിയമിക്കാൻ കഴിയുകയുള്ളുവെന്നു ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.