കലിഫോർണിയ: പേരുതന്നെ സൂപ്പർഹീറോയുടേത്. അപ്പോൾ പ്രകടനവും അതുപോലെതന്നെ വേണ്ടേ? അതെ സൂപ്പർമാന്റെ പേരുള്ള ക്ലാർക്ക് കെന്റ് അപ്വാഡ എന്ന പത്തു വയസുകാരനാണ് ഇപ്പോൾ നീന്തൽ ലോകത്തെ ചർച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല. നീന്തൽക്കുളത്തിലെ ഇതിഹാസമായ അമേരിക്കയുടെ സാക്ഷാൽ മൈക്കിൾ ഫെൽപ്സിന്റെ റിക്കാർഡ് തകർത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. 100 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിൽ 23 വർഷം മുന്പ് ഫെൽപ്സ് കുറിച്ച റിക്കാർഡാണ് കെന്റ് അപ്വാഡ മറികടന്നത്.
സൂപ്പർമാന്റെ രഹസ്യനാമമാണ് ക്ലാർക്ക് കെന്റ്. അമേരിക്കൻ കോമിക് കഥാപാത്രമായ ക്ലാർക്ക് കെന്റാണ് സൂപ്പർമാനായി ലോകത്തെ ആവേശത്തിലാഴ്ത്തുന്നത്. പേരിനെ സാധൂകരിക്കുന്നതായിരുന്നു നീന്തൽക്കുളത്തിൽ അപ്വാഡയുടെ പ്രകടനം.
ജൂലൈ അവസാനം കലിഫോർണിയയിലെ ഫാർ വെസ്റ്റ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ ആണ് ക്ലാർക്ക് അപ്വാഡ ലോകറിക്കാർഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവച്ചത്. 1:09:38 സെക്കൻഡിൽ ഈ കൊച്ചുമിടുക്കൻ 100 മീറ്റർ ബട്ടർഫ്ളൈ മത്സരം പൂർത്തിയാക്കി. 1995ൽ ഫെൽപ്സ് കുറിച്ച ലോക റിക്കാർഡിനേക്കാൾ ഒരു സെക്കൻഡ് കുറവായിരുന്നു അത്.
മീറ്റ് റിക്കാർഡ് തകർത്ത ക്വാർക്കിനെ ട്വിറ്ററിലൂടെ ഫെൽപ്സ് അഭിനന്ദിച്ചു. റിക്കാർഡ് കുറിച്ച ക്ലാർക്ക് കെന്റിന് വലിയ അഭിനന്ദനങ്ങൾ. പ്രകടനം തുടരുക. വലിയ സ്വപ്നങ്ങൾ കാണുക – ഫെൽപ്സ് ട്വീറ്റ് ചെയ്തു.
ലോകത്തിൽ ഏറ്റവും അധികം റിക്കാർഡ് കുറിച്ച നീന്തൽതാരമാണ് ഫെൽപ്സ്. 39 ലോക റിക്കാർഡുകൾ ഇദ്ദേഹം കുറിച്ചിട്ടുണ്ട്. മുപ്പത്തിമൂന്നുകാരനായ ഫെൽപ്സ് 28 ഒളിന്പിക് മെഡലുകളും 33 ലോകചാന്പ്യൻഷിപ്പ് മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്.