കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാജ ജൈവവളങ്ങൾ വ്യാപകമായ തോതിൽ വില്‍ക്കപ്പെടുന്നതായി കാണിച്ചു കൃഷിമന്ത്രിക്കു പരാതി നല്കി. ഇത്തരം വ്യാജ ജൈവവളങ്ങൾ വാങ്ങി ഉപയോഗിക്കുന്ന കർഷകർക്കു വലിയ നഷ്്ടമാണ് ഉണ്ടാകുന്നത്. ജൈവ വളത്തിന്റെ ഗുണനിലവാരം പരിശോധിച്ചു കിട്ടാനുള്ള കാലതാമസമാണു വ്യാജൻ വ്യാപകമാകാൻ കാരണമാകുന്നത്.
എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ജൈവ കൃഷിയുടെ പ്രധാന ഘടകങ്ങളാണ്. നിലവിൽ വിപണിയിൽ എത്തുന്ന എല്ലുപൊടിയിലും, വേപ്പിൻ പിണ്ണാക്കിലും വ്യാപകമായ തോതിൽ കൃത്രിമം നടക്കുന്നുണ്ട്. ഇതിനു പുറമെ ജൈവവളങ്ങളിൽ രാസ പദാർഥങ്ങളുടെ അളവും കൂടുതലാണ്. വിപണിയിൽ ലഭിക്കുന്ന ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
ജൈവ വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംവിധാമൊരുക്കണമെന്നും പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ചു കർഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പാണു മന്ത്രിയ്ക്കു പരാതി നല്‍കിയത്.