രാജു കുടിലിൽ
ഏറ്റുമാനൂർ: ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ അന്തസ് കാത്ത പ്രഗത്ഭനായ പിതാവിന്റെ മകൻ സർവ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഒടുവിൽ അതേ നീതിപീഠത്തിലേക്ക്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.കെ. മാത്യുവിന്റെ മകൻ ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്പോൾ അതിരന്പുഴയ്ക്കും കുറ്റിയിൽ കുടുംബത്തിനും ഇത് ആഹ്ലാദ നിമിഷമാണ്.
അതിരന്പുഴ കുറ്റിയിൽ കുടുംബാംഗമായ ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി കഴിഞ്ഞ ജനുവരി 12 ന് കൊളീജിയം ശിപാർശ ചെയ്തതാണ്. കൊളീജിയത്തിന്റെ ശിപാർശ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ വിമുഖത കാണിച്ചതോടെ ഉണ്ടായ അനിശ്ചിതത്വം ഇപ്പോൾ അവസാനിച്ചിരിക്കുന്നു.
യാതൊരു സമ്മർദങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി നീതി നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന പിതാവിന്റെ അതേ പാതയിലൂടെ തന്നെയാണ് ജസ്റ്റീസ് കെ.എം. ജോസഫിന്റെയും പ്രയാണം എന്നു തെളിയിക്കുകയാണ് കഴിഞ്ഞ നാളുകളിലെ സംഭവ വികാസങ്ങൾ.
2016ൽ ഉത്തരാഖണ്ഡിൽ ഹാരീഷ് റാവത്ത് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കിയ വിധി രാജ്യമാകെ ചർച്ച ചെയ്യപ്പെട്ടു. ഈ ഒരു വിധിയാണ് അദ്ദേഹത്തിന്റെ നിയമനത്തെ അനിശ്ചിതത്വത്തിലാക്കിയതും.
ജസ്റ്റീസ് കെ.എം. ജോസഫിന്റെ പിതാവ് ജസ്റ്റീസ് കെ.കെ. മാത്യു സുപ്രീം കോടതി ജഡ്ജിയായിരുന്നു. ഇന്ത്യ കണ്ട പ്രഗത്ഭരായ ന്യായാധിപന്മാരുടെ മുൻനിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
ജഡ്ജിയാകുന്നതിനു മുന്പ് അദ്ദേഹം അഡ്വക്കേറ്റ് ജനറലായിരുന്നു. സുപ്രീംകോടതിയിൽനിന്ന് വിരമിച്ചശേഷം അദ്ദേഹത്തെ കേന്ദ്രസർക്കാർ ലോ കമ്മീഷന്റെയും പിന്നീട് പ്രസ് കമ്മീഷന്റെയും ചെയർമാനായി നിയമിച്ചു. പ്രഗത്ഭനായ പിതാവിന്റെ മാതൃകയാണ് ജസ്റ്റീസ് കെ.എം. ജോസഫിനെ അഭിഭാഷകവൃത്തിയിലേക്ക് ആകർഷിച്ചത്.
പിതാവിനൊപ്പം രാജ്യത്തെ പ്രമുഖ നിയമജ്ഞർ പതിവായി തറവാട്ടിൽ എത്തുമായിരുന്നതും അവരോടൊപ്പം ബാല്യകാലത്ത് ഇടപഴകാൻ സാധിച്ചതുമൊക്കെ അദ്ദേഹത്തെ ആകർഷിച്ച ഘടകങ്ങളാകാം.
1982 ൽ അദ്ദേഹം അഭിഭാഷകനായി സുപ്രീം കോടതിയിൽ എത്തുന്പോഴേക്കും പിതാവ് ജസ്റ്റീസ് കെ.കെ. മാത്യു അവിടെനിന്നും വിരമിച്ചിരുന്നു. രണ്ടു വർഷത്തിനു ശേഷം അദ്ദേഹം കേരളത്തിലെത്തി ഹൈക്കോടതിയിൽ അഡ്വ. വർഗീസ് കള്ളിയത്തിന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു.
വർഗീസ് കള്ളിയത്ത് ഹൈക്കോടതി ജഡ്ജിയായപ്പോൾ കെ.എം. ജോസഫ് സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു തുടങ്ങി. 2004ലാണ് ജസ്റ്റീസ് കെ.എം. ജോസഫ് കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. പിന്നീട് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായി നിയമിക്കപ്പെട്ടു. വളരെ ചെറുപ്പത്തിലേ പഠനവും പിതാവിനൊപ്പം പല സ്ഥലങ്ങളിൽ താമസിക്കേണ്ടി വന്നതുമൊക്കെയായി തറവാട്ടിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നു.
പിന്നീട് കൊച്ചിയിൽ താമസമായി. എന്നിരുന്നാലും കിട്ടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം അതിരന്പുഴയിലെ പുരാതനമായ തറവാട് വീട്ടിൽ എത്തുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. മറ്റേതൊരു അതിരന്പുഴക്കാരനെയും പോലെ ലോകത്തിന്റെ ഏതു കോണിലായാലും അതിരന്പുഴ തിരുനാളിന് കൊടിയേറിയാൽ പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാകില്ലല്ലോ.
പ്രത്യേകിച്ച് ചന്തക്കടവ് കേന്ദ്രീകരിച്ച് തിരുനാളിന്റെ ക്രമീകരണങ്ങളിൽ കുറ്റിയിൽ തറവാടിന് പരന്പരാഗതമായുള്ള നേതൃത്വപരമായ പങ്കിന്റെകൂടി പശ്ചാത്തലത്തിൽ. അതിരന്പുഴ ആഹ്ലാദിക്കുകയാണ്, പിതാവിൽ നിന്നു പകർന്നു കിട്ടിയതും പിന്നീട് സ്വയം ആർജിച്ചതുമായ നീതിബോധത്തിന്റെ കരുത്തിൽ ഈ പുത്രൻ ഉന്നത നീതിപീഠത്തിൽ ഉപവിഷ്ടനാകുന്നതിൽ.