ചേർത്തല: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാഘട്ട ഷട്ടറുകളുടെ പരീക്ഷണം പൂർത്തിയായി. ജലനിരപ്പു സാധാരണ രീതിയിലെത്തുകയും പാലത്തിലൂടെ വാഹനഗതാഗതം തുടങ്ങുകയും ചെയ്തശേഷമാണ് അവസാനഘട്ട പരീക്ഷണങ്ങൾ ജലസേചനവകുപ്പു നടത്തിയത്. മണൽചിറയുടെ ഒരുഭാഗം നീക്കി വെള്ളംകയറ്റി ജലനിരപ്പ് പുറത്തേതിനു സമാനമാക്കിയാണ് പരീക്ഷണങ്ങൾ.
28 ഷട്ടറുകളും ഉയർത്തിയും താഴ്ത്തിയുമാണ് പരീക്ഷണം നടത്തിയത്. ഷട്ടറുകളിൽ അവശേഷിച്ചിരുന്ന പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ഇരുഭാഗത്തെയും മണൽചിറ പൊളിച്ചു മാറ്റിയാലും നീരൊഴുക്ക് നിയന്ത്രിക്കാവുന്നതരത്തിൽ ഷട്ടറുകൾ പ്രവർത്തനസജ്ജമായിരിക്കുകയാണ്.
അതേസമയം തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്തുള്ള മണൽച്ചിറ പൊളിച്ചുതുടങ്ങി. മന്ത്രി മാത്യു ടി.തോമസും ജലവിഭവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയെത്തുടർന്നാണു മണൽച്ചിറ പൊളിച്ചുതുടങ്ങാൻ നിർദ്ദേശം നല്കിയത്. ചിറ പൊളിക്കുന്നതിന്റെ മുന്നോടിയായി തെക്കുഭാഗത്തെ മണൽച്ചിറയുടെ ഇരുവശവുമുള്ള കൽക്കെട്ട് കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയിരുന്നു.
മൂന്നാംഘട്ടത്തിന്റെ വടക്കുവശത്തെ താത്കാലിക മണ്ചിറയുടെ കുറച്ചു ഭാഗം പൊളിച്ചു മധ്യഭാഗത്തു വെള്ളം നിറയ്ക്കുന്ന ജോലി പൂർത്തിയായിക്കഴിഞ്ഞു. തെക്കുഭാഗത്തെ ചിറയുടെ ഉപരിതലത്തിൽ റോഡ് ഉള്ളതുകൊണ്ട് മെറ്റലും മണലും പ്രത്യേകമായി ചിറയുടെ വശങ്ങളിൽ കൂട്ടിയിടും.
ജില്ലാ കളക്ടറും ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായി അടുത്തദിവസം നടക്കുന്ന ചർച്ചയ്ക്കുശേഷം പൊളിക്കുന്പോൾ കിട്ടുന്ന മണൽ ഏതു രീതിയിൽ വിനിയോഗിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകും.