കൊച്ചി: അപേക്ഷകനു പാസ്പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്ന കാര്യത്തിൽ എറണാകുളം റൂറൽ ജില്ല രാജ്യത്ത് ഒന്നാംസ്ഥാനത്തു തുടരുന്നു. ജൂലൈ മാസത്തിലെ പാസ്പോർട്ട് അപേക്ഷകളിലുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ രണ്ടുദിവസത്തിനകം തന്നെ നൂറുശതമാനം പൂർത്തിയാക്കി മറ്റൊരു നേട്ടവും ജില്ല കൈവരിച്ചു.
കേരള പോലീസ് വികസിപ്പിച്ചെടുത്ത ഓണ്‍ലൈൻ വെരിഫിക്കേഷൻ സംവിധാനമായ ഇ-വിഐപി വഴിയാണ് ഈ നേട്ടമുണ്ടാക്കിയത്. ഒൻപത് മാസം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ഓണ്‍ലൈൻ വെരിഫിക്കേഷൻ ഏർപ്പെടുത്തിയതു മുതൽ എറണാകുളം റൂറൽ ജില്ല ഇന്ത്യയിൽ ജില്ലകളിൽ ഒന്നാമതാണ്.
പൂർണമായും പേപ്പർ രഹിതമായി പ്രവർത്തിക്കുന്നതാണ് ഇ-വിഐപി സംവിധാനം. ജൂലൈ മാസത്തിൽ ഈ സംവിധാനം കേരളത്തിലെ എല്ലാ ജില്ലകളിലും നിലവിൽവന്നു. ഇതോടെ അപേക്ഷകനു പാസ്പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളിൽ കേരളവും ഒന്നാമതെത്തി.
പാസ്പോർട്ട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചാൽ 45 ദിവസത്തിനകം അപേക്ഷകന് പാസ്പോർട്ട് ലഭ്യമാക്കണമെന്നും പോലീസ് വെരിഫിക്കേഷൻ നടപടികൾ 21 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് അതാത് പാസ്പോർട്ട് ഓഫീസിൽ സമർപ്പിക്കണമെന്നുമാണ് നിലവിലുള്ള ചട്ടം. പോലീസ് വെരിഫിക്കേഷൻ 21 ദിവസത്തിനകം പൂർത്തിയാക്കി തീർപ്പ് കൽപ്പിക്കുന്ന ഓരോ അപേക്ഷയ്ക്കും പോലീസ് സേനയ്ക്കു കേന്ദ്ര സർക്കാരിൽനിന്നു 150 രൂപ വീതം ലഭിക്കും.