കോടാലി: വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുകയാണ് മറ്റത്തൂർ പഞ്ചായത്തിലെ താളൂപ്പാടത്തുള്ള ഒരമ്മയും മകനും. തൊഴിലുറപ്പുപണിക്കുപോയി ഉപജീവനം നടത്തുന്ന വിധവയായ സാബിറയും മകനുമാണ് തലചായ്ക്കാൻ സ്വന്തമായി അടച്ചുറപ്പുള്ളൊരു വീടില്ലാതെ വിഷമിക്കുന്നത്.
മുരിക്കുങ്ങൽ താളൂപ്പാടം പരേതനായ പാലൊളി വീട്ടിൽ ഷെറീഫിന്റെ വിധവയാണ് സാബിറ. ജീർണാവസ്ഥയിലുള്ള ഇവരുടെ ഏതുസമയവും ഇടിഞ്ഞുവീഴാമെന്നതായതോടെ മകനോടൊപ്പം വാടകവീട്ടിലാണ് സാബിറ. ഭർത്താവ് ഷെറീഫ് രണ്ടുവർഷം മുന്പ് മരിച്ചതോടെ നിരാലംബയായ സാബിറ തൊഴിലുറപ്പു പണിക്കു പോയാണ് ഇപ്പോൾ ജീവിക്കുന്നത്.
2015 ൽ വീടില്ലാത്തവരുടെ പേരുകൾ ഉൾപ്പെടുത്തി വാർഡ് തല ഗ്രാമസഭ തയ്യാറാക്കിയ ഗുണഭോക്തൃലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ള പട്ടികയിൽ തന്റെ പേര്്് ഇല്ലെന്ന് സാബിറ പരാതിപ്പെട്ടു. വീട് അനുവദിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് ,കളക്ടർ എന്നിവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
വാസയോഗ്യമായ വീട് നിർമിക്കുന്നതിന് അധികാരികൾ കനിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിർധനയും നിരാലംബയുമായ സാബിറ.