അവിടെക്കൂടിയ വാഹനപ്രേമികളെല്ലാം നിറകണ്ണുകളോടെയാണ് ആ കാഴ്ച കണ്ടത്. പലരും കണ്ടുനിൽക്കാനാവാതെ സ്ഥലംവിട്ടു. ലംബോർഗിനിയും റോൾസ് റോയിസുമുൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ, ബുൾഡോസർ തവിടുപൊടിയാക്കുന്ന കാഴ്ചയാണ് വാഹനപ്രേമികളുടെ കണ്ണു നനച്ചത്.
ഫിലിപ്പീൻസിലാണ് സംഭവം. കള്ളക്കടത്തുകാരുടേതും നികുതി വെട്ടിച്ചു രാജ്യത്ത് എത്തിച്ചതുമായ ആഡംബര വാഹനങ്ങളാണ് ഫിലിപ്പീൻസ് തലസ്ഥാനത്ത് ആയിരക്കണക്കിനു ആളുകളെ സാക്ഷിയാക്കി അധികൃതർ നശിപ്പിച്ചുകളഞ്ഞത്.
ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയും വാഹനങ്ങളുടെ പൊളിച്ചടുക്കലിനു സാക്ഷിയാകാനെത്തിയിരുന്നു. അഴിമതിക്കും കള്ളക്കടത്തിനുമെതിരേ സന്ധിയില്ലാത്ത പോരാട്ടത്തിലാണു സർക്കാരെന്നും അഴിമതിക്കാർക്ക് ഇതു പാഠമാകട്ടേയെന്നും പ്രസിഡന്റ് പറഞ്ഞു.
കാറുകളും സൂപ്പർബൈക്കുകളുമുൾപ്പെടെ 68 വാഹനങ്ങളാണു സർക്കാർ നശിപ്പിച്ചതെന്നു ഫിലിപ്പീൻസിലെ ഒൗദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. പോർഷെ, ട്രയംപ്, ചോപ്പർ തുടങ്ങിയ ലോകത്തര ബ്രാൻഡുകളുടെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടവയിൽപ്പെടുന്നു. നിയമപരമായി പിടിച്ചെടുത്ത ശേഷമായിരുന്നു നശിപ്പിക്കൽ. എന്നാൽ, നശിപ്പിക്കുന്നതിനു പകരം പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ വിറ്റു പണം കണ്ടെത്തുകയായിരുന്നു വേണ്ടതെന്നു സർക്കാർ വിരുദ്ധർ പ്രതികരിച്ചു.