ചെറുതോണി: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയും ആൻസലറ്റ് ജോബി(നാല്)യുടെ ജീവൻ നിലനിർത്താനായില്ല. വാഴത്തോപ്പ് ഭൂമിയാംകുളം അച്ചാരുകുടിയിൽ ജോബിയുടെ മൂന്നാമത്തെ മകളാണ് ആൻസലറ്റ്.
കഴിഞ്ഞ 24-നായിരുന്നു മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം 11 ദിവസം മാത്രമാണ് ആ കുരുന്നുജീവൻ നിലനിർത്താനായത്. അച്ചാരുകുടിയിൽ വീട്ടിൽ ഇതു മൂന്നാമത് തവണയാണ് പിഞ്ചുകുഞ്ഞിന്റെ സംസ്കാരത്തിനായി പന്തലുയരുന്നത്. ജോബി – ഷീബ ദന്പതികളുടെ ആദ്യത്തെ രണ്ടു കുട്ടികളും ഒന്നരവയസായപ്പോൾ ഇതേരോഗത്താൽ മരിച്ചിരുന്നു.
മൂന്നാമതായി ജനിച്ച ആൻസലറ്റിനും മൂത്തകുട്ടികളുടെ അതേ രോഗമാണെന്നു തിരിച്ചറിഞ്ഞതോടെ കേരളത്തിൽ ലഭിക്കാവുന്ന മുഴുവൻ ചികിത്സകളും ഇവർ നടത്തി. എന്നാൽ രോഗമെന്തെന്നുപോലും കണ്ടെത്താനാകാതെയാണ് ഈ യുവദന്പതികൾ തമിഴ്നാട്ടിലെ വെല്ലൂരാശുപത്രിയിലെത്തി ചികിത്സതുടങ്ങിയത്.
മജ്ജയിലെ കോശങ്ങൾ ദ്രവിക്കുന്ന അപൂർവ രോഗമാണെന്ന് നിർണയിക്കപ്പെട്ടെങ്കിലും ശസ്ത്രക്രിയ സാധിക്കാതെവന്നതോടെ മധുരയിലെ ആശുപത്രിയിലേക്ക് ചികിത്സ മാറ്റുകയായിരുന്നു. ലക്ഷങ്ങൾ ചെലവാകുന്ന ചികിത്സയ്ക്ക് ജനകീയസമിതി രൂപീകരിച്ച് പണം സമാഹരിച്ചു.
കുട്ടി ആരോഗ്യവതിയായതോടെ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ തയാറാവുകയായിരുന്നു. മജ്ജ മാറ്റിവക്കൽ വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞരാത്രി പെട്ടെന്ന് കുട്ടിയുടെ നില വഷളാവുകയും തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ കളിയും ചിരിയും കൊഞ്ചലുമെല്ലാം എന്നന്നേക്കുമായി അവസാനിപ്പിച്ച് ആൻസലറ്റ് വിടവാങ്ങി.
സാന്പത്തികമായി സഹായിച്ചവരും പ്രാർഥനയിൽ ഓർത്തവരുമായി നൂറുകണക്കിനാളുകൾ വിവിധ സ്ഥലങ്ങളിൽനിന്നായി ആൻസലറ്റിനെ ഒരുനോക്കു കാണാനും അന്ത്യമോപചാരമർപ്പിക്കാനും എത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം അഞ്ചോടെ ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു.