ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി മാനസികാസ്വാസ്ഥ്യമുള്ള മലയാളി യുവാവ് കേരള ഹൗസിനു മുന്നിൽ കറിക്കത്തിയുമായി എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. കടവൂർ കരിപ്പുഴ സ്വദേശി വിമൽ രാജിനെയാണ് ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി ഡൽഹി പോലീസിനു കൈമാറിയത്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പോളിറ്റ് ബ്യൂറോ യോഗം നടക്കുന്ന എകെജി ഭവനിലേക്കു പുറപ്പെടാനൊരുങ്ങുന്നതിനു മുൻപായിരുന്നു സംഭവം.
വിമൽ രാജിന്റെ ബാഗിൽ നിന്നു കണ്ടെടുത്ത മെഡിക്കൽ രേഖകളിൽ നിന്നും ഇയാൾ 80 ശതമാനത്തോളും മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണെന്നാണു മനസിലായതെന്ന് ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മധുർ വർമ പറഞ്ഞു.
വിമൽരാജിന്റെ ബാഗിൽ നിന്നു കണ്ടെടുത്തത് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയാണെന്നും വർമ പറഞ്ഞു. ഇയാളെ പിന്നീട് ഡൽഹി ശാദ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുമെന്നും പോലീസ് പറഞ്ഞു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന ശേഷം കേരളത്തിലേക്കു മടങ്ങിപ്പോയ ആളാണു വിമൽരാജ്.
2016 ജൂണ് 24 ന് ഇയാൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ചികിത്സാ സഹായത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു അത്.
ഇന്നലെ സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പിബി അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരായ അക്രമ ശ്രമം പരാജയപ്പെട്ടു എന്നാണ് അറിയിച്ചിരിക്കുന്നത്. കേരള ഹൗസിനുള്ളിലാണ് ഇത്തരത്തിൽ ഒരു സുരക്ഷാ വീഴ്ചയുണ്ടായതെന്നുമുള്ള ആശങ്ക പിബി രേഖപ്പെടുത്തി. വിമൽ രാജ് 80 ശതമാനം മാനസികപ്രശ്നമുള്ള ആളാണെന്നു പോലീസ് വ്യക്തമാക്കിയശേഷമായിരുന്നു പോളിറ്റ് ബ്യൂറോയുടെ ആശങ്ക.
രണ്ടു ദിവസമായി കേരള ഹൗസ് പരിസരത്ത് വിമൽ രാജ് ചുറ്റിത്തിരിയുകയായിരുന്നു. വെള്ളിയാഴ്ചയും കേരള ഹൗസിലെ സമൃദ്ധി കാന്റീനിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നു. അവിടെയുണ്ടായിരുന്ന ജീവനക്കാരോട് മുഖ്യമന്ത്രി ഇവിടെയുണ്ടോ, എന്നു വരും എന്നൊക്കെ തിരക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെയും കാന്റീനിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങവേ ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനമാകും എന്നു പറഞ്ഞാണ് വിമൽ രാജ് ഇറങ്ങിയത്.
പിന്നീട് മുഖ്യമന്ത്രി താമസിക്കുന്ന കെട്ടിടത്തിന്റെ മുന്നിലെത്തിയ വിമൽ രാജ് മാധ്യമപ്രവർത്തകരോടൊപ്പം അവിടെ ചുറ്റിപ്പറ്റി നിന്നു. ഇയാളുടെ പെരുമാറ്റത്തിൽ അപാകത തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകൻ ആണോയെന്ന് വിമൽ രാജിനോട് ചോദിച്ചു. അല്ലെന്നും താൻ മുഖ്യമന്ത്രിയെ കാണാൻ നിൽക്കുകയാണെന്നുമായിരുന്നു മറുപടി. പോക്കറ്റിൽ ത്രിവർണ പതാകയും കുത്തിയാണ് വിമൽ രാജ് എത്തിയത്. പിന്നീട് മാധ്യമപ്രവർത്തകരുടെ കാമറകൾ വച്ചിരുന്ന ലോണിലേക്കു കയറി.
അവിടെ നിൽക്കാൻ പാടില്ലെന്ന് പോലീസ് പറഞ്ഞതോടെ വിമൽ രാജ് ഹിന്ദിയിൽ സംസാരിച്ചു തുടങ്ങി. അതിനിടെ ബാഗ് തുറന്ന് കറിക്കത്തിയും കുറച്ചു കടലാസുകളും പുറത്തെടുത്തു. താൻ പലതവണ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ പറഞ്ഞതാണ്. എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും തന്നിരുന്നു. ഇന്നു കാണാൻ ശ്രമിച്ചിട്ടു നടന്നില്ല. തനിക്കു ജോലിക്കു പോകാൻ കഴിയുന്നില്ല. മക്കളും കുടുംബവും ഉണ്ട് എങ്ങനെ ജീവിക്കും.
മുഖ്യമന്ത്രിയേയും എല്ലാ മന്ത്രിമാരെയും കൊല്ലും. താനും മരിക്കും എന്നും വിമൽ രാജ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. കത്തിയും പിടിച്ചു നിന്ന വിമൽരാജിനരികിലെത്തി കേരള ഹൗസിലെ സെക്യൂരിറ്റി പുറത്തു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. സംസാരം തുടരുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നിൽ കൂടിയെത്തി കീഴ്പ്പെടുത്തി കത്തി പിടിച്ചു വാങ്ങി. അതിനിടെ മുഖ്യമന്ത്രി പുറപ്പെടാനായി മുറിയിൽ നിന്ന് ഇറങ്ങിയെങ്കിലും സംഭവമറിഞ്ഞ് തിരികെ അകത്തേക്കു തന്നെ കയറിപ്പോയി.
വിമൽരാജിനെ സുരക്ഷാ ഉദ്യോഗസ്ഥർ കേരള ഹൗസ് റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടിരുത്തി. അപ്പോഴാണ് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഇറങ്ങിവന്നത്. ഉടൻ തന്നെ വിമൽ രാജ് ഉമ്മൻ ചാണ്ടിയെ നോക്കി എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞാൻ സാറിനെയും പലതവണ വന്നു കണ്ടതല്ലേ എന്ന് വിളിച്ചു പറഞ്ഞു. തനിക്ക് ഓർമ കിട്ടുന്നില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കാറിൽ കയറിപ്പോയി.
കേരള ഹൗസിന്റെ വാതിൽക്കൽ നിന്നിരുന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലിനോടും ഞാൻ സാറിനെയും വന്നു കണ്ടതല്ലേ എന്നു ഇയാൾ ചോദിച്ചു. ഇത്രയും ആയപ്പോഴേക്കും ഡൽഹി പോലീസെത്തി വിമൽ രാജിനെ കൂട്ടിക്കൊണ്ടു പോയി.