സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുമായി മുഖ്യമന്ത്രി വീണ്ടും പിണങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കിത്തിരക്കു കാരണം ദേഹത്തു ചാനല്‍ മൈക്ക് തട്ടിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ തയാറാകാതെ മടങ്ങിയാണ് ഇത്തവണ മുഖ്യമന്ത്രി അവരോട് പിണക്കം കാണിച്ചത്.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ തയാറാകാതെ, ചാനലിന്റെ മൈക്ക് തട്ടിത്തെറിപ്പിച്ച് മുഖ്യമന്ത്രി നടന്നുനീങ്ങിയത്. അവലോകന യോഗത്തിനായി രാവിലെ പത്തിനാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി എത്തിയത്.
മന്ത്രിമാരെല്ലാം നേരത്തേ സ്ഥലത്തെത്തി. പ്രളയബാധിതമായ കുട്ടനാട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി അവലോകന യോഗം മാത്രം നടത്തിയതു പ്രഹസനമാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചു. യോഗത്തിനു മുന്‍പു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍ പ്രവേശിക്കരുതെന്നു മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ യോഗം ആരംഭിക്കുന്നതിനു മുന്‍പ് ആവശ്യമായ ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയ ശേഷം അവര്‍ പുറത്തേക്കിറങ്ങി. മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രമുള്ള ഹാളില്‍ വാതിലടച്ചായിരുന്നു യോഗം.
പ്രധാന തീരുമാനങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യം കേട്ടയുടന്‍ മുഖ്യമന്ത്രി നിന്നു. ‘കുട്ടനാടിനെക്കുറിച്ച്…’ എന്നു മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവര്‍ത്തകര്‍ മൈക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്കു കൊണ്ടുവന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ തള്ളി നീക്കുകയും തിക്കിത്തിരക്ക് ഉണ്ടാക്കുകയും ചെയ്തു.
ഇതിനിടയില്‍ ഒരു ചാനല്‍ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്തു തട്ടി. പ്രകോപിതനായ മുഖ്യമന്ത്രി ദേഷ്യത്തോടെ മൈക്ക് തട്ടിനീക്കി. മൈക്കിന്റെ വിന്‍ഡ് ഷീല്‍ഡും ചാനല്‍ ഐഡിയും തെറിച്ചു താഴേക്കു വീണു. പെട്ടെന്നു തന്നെ അദ്ദേഹം വാഹനത്തിലേക്ക് കയറുകയായിരുന്നു.