തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ടോമിന് തച്ചങ്കരിയെ പുകയ്ക്കാന്‍ പുതിയ യുദ്ധമുറയുമായി യൂണിയന് നേതാക്കള്‍. ഗതാഗത സെക്രട്ടറി ജ്യോതിലാലിനെ കൂട്ടുപിടിച്ചാണ് ഇത്തവണത്തെ നീക്കം. ജ്യോതിലാല്‍-തച്ചങ്കരി പോരാട്ടം ഐഎഎസ്-ഐപിഎസ് പോരായി മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പോരു മുറുകിയാല്‍ രണ്ടിലൊരാളുടെ കസേര തെറിക്കാനും സാധ്യതയുണ്ട്.
ബസുകളെ ജി.പി.എസ്. സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനും ടിക്കറ്റ് മെഷീനില്‍ ക്യു.ആര്. കോഡിങ് നടപ്പാക്കാനും കൂടുതല്‍ ഇ- ബസുകള്‍ വാങ്ങാനുമൊക്കെ കെഎസ്ആര്‍ടിസിയില്‍ നീക്കം നടക്കുമ്പോള്‍ തച്ചങ്കരി- ജ്യോതിലാല്‍ പോര് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാര്‍. നേരത്തെതന്നെ ഏറ്റുമുട്ടലിന്റെ വക്കിലായിരുന്നു ഇരുവരും.
ജീവനക്കാര്‍ക്കു ശമ്പളം നല്കാന് ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ വൈകിച്ചതിനെ തച്ചങ്കരി ചോദ്യംചെയ്തതാണ് ഇപ്പോള്‍ വിവാദമായത്. ഇതോടെ 50 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കുന്നതില്‍ നിന്നു സിഎംഡിയെ വിലക്കി ഗതാഗത സെക്രട്ടറി ഉത്തരവിറക്കി.
വന്‍കിട പര്‍ച്ചേസിംഗുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണിതെന്നായിരുന്നു ജോതിലാലിന്റെ വാദം. ഇക്കാര്യം ഗതാഗത മന്ത്രി ശശീന്ദ്രനെ അറിയിക്കുകയും ചെയ്തു. സുതാര്യതയ്ക്കായി മൂന്നംഗ സമിതിയേയും നിയോഗിച്ചു. ഗതാഗത സെക്രട്ടറിക്കു പുറമേ ഐ.ടി സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയുമാണ് അംഗങ്ങള്‍.
എന്നാല്‍, കമ്മിറ്റിയുടെ നേരവും കാലവും നോക്കി അടിയന്തര തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നാണു തച്ചങ്കരിയുടെ വാദം. ഇ-പോര്‍ട്ടല്‍ വഴി ഇ-ടെന്‍ഡറാണ് ഇപ്പോള്‍ നടക്കുന്നത്. പോരാത്തതിന് ഐ.ടി വകുപ്പിന്റെ നിയന്ത്രണങ്ങളുമുണ്ട്.
ഇതൊന്നും പോരാതെ സമിതി രൂപീകരിച്ചതെന്തിനാണെന്നും തച്ചങ്കരിയെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നു. തൊഴിലാളി സംഘടനകളെ നിലയ്ക്കുനിര്‍ത്തിയ തച്ചങ്കരിയെ പുകച്ചുചാടിക്കാന്‍ സംഘടനാനേതാക്കള്‍ ഗതാഗത സെക്രട്ടറിയേ കൂട്ടുപിടിച്ചെന്നും അവര്‍ പറയുന്നു.
ടിക്കറ്റ് ബുക്കിംഗില്‍ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെ പുറത്താക്കിയതാണ് ജ്യോതിലാലിനെ പ്രകോപിതനാക്കിയതെന്നും തച്ചങ്കരി അനുകൂലികള്‍ ആരോപിക്കുന്നു.