വജ്രങ്ങളുടെ രൂപീകരണത്തേക്കുറിച്ച് പുതിയ റിസർച്ച് റിപ്പോർട്ട് പുറത്ത്. അത്യപൂർവമായ നീലവജ്രങ്ങൾ ഭൂമിയുടെ മാന്റിലിനുള്ളിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂമിയുടെ അകക്കാന്പിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഭൂമിക്കുള്ളിൽ കൂടിയ മർദത്തിലും താപനിലയിലുമാണ് വജ്രങ്ങൾ രൂപപ്പെടുന്നത്. മിക്കയിനം വജ്രങ്ങളും രൂപപ്പെടുന്നത് ഭൗമപ്രതലത്തിൽനിന്ന് 200 കിലോമീറ്റർ വരെ ആഴത്തിലാണ്. എന്നാൽ, അത്യപൂർവമായവ 400 കിലോമീറ്റർ ആഴത്തിലാണ് രൂപപ്പെടുന്നത്. അഗ്നിപർവത സ്ഫോടനങ്ങളിലൂടെയാണ് ഇവ മുകളിലെത്തുന്നത്.
വജ്രത്തിന് അവയുടെ ക്രിസ്റ്റൽ ഘടനയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളോ ധാതുക്കളോ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. അവ എവിടെയാണു രൂപപ്പെട്ടതെന്ന് അവയിലടങ്ങിയ ധാതുക്കളിലൂടെ തിരിച്ചറിയാൻ കഴിയും.
ആകർഷകമായ നീല നിറമാണ് നീലവജ്രത്തിന് ആ പേരു വരാൻ കാരണം. ഭൂമിയുടെ മാന്റിലിനുള്ളിൽ കൂടിയ അളവിൽ കാണപ്പെടുന്ന ബോറോൺ ആണ് ഈ നീല നിറത്തിനു കാരണം. മറ്റു വജ്രങ്ങൾ രൂപപ്പെടുന്നതിനേക്കാൾ നാലിരട്ടി ആഴത്തിലാണ് ടൈപ് 2ബി വിഭാഗത്തിൽപ്പെട്ട നീലവജ്രങ്ങൾ രൂപപ്പെടുന്നത്.
ടൈപ് 2ബി വജ്രങ്ങൾ ഏറെ വിലപിടിപ്പുള്ളതാണെന്നു മാത്രമല്ല, ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ലഭ്യമാക്കുകയെ ന്നത് അനായാസ കാര്യമല്ലെന്നും റിപ്പോർട്ട് തയാറാക്കിയ ജീമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിലെ ഇവാൻ സ്മിത്ത് പറഞ്ഞു.