സംസ്ഥാനത്ത് സാക്ഷരതാ പരീക്ഷയെഴുതിയവരില്‍ ശ്രദ്ധേയയായി തൊണ്ണൂറ്റിയാറുകാരിയായ കാര്‍ത്യായനിയമ്മ. പരീക്ഷയെഴുതിയ നാല്‍പ്പതിനായിരം ആളുകളില്‍ ഏറ്റവും പ്രായമുണ്ടായിരുന്ന വ്യക്തിയാണ് കാര്‍ത്ത്യായനിയമ്മ. അതുകൊണ്ടു തന്നെ പരീക്ഷ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരുടെ മുഴുവന്‍ കണ്ണുകളും കാര്ത്ത്യായനിയമ്മയിലേക്കായിരുന്നു.
ചോദ്യക്കടലാസ്, വിറയ്ക്കുന്ന ആ കൈകളിലേയ്ക്ക് മേടിച്ചപ്പോള്‍ കൈയുടെ വിറ വര്‍ധിച്ചു. പിന്നാലെ നന്നായി വിയര്‍ക്കുന്നതു പോലെയായി ശരീരഭാഷ. ജീവിതത്തിലെ ആദ്യത്തെ പരീക്ഷയല്ലേ. എന്നാല്‍ മിനിറ്റുകള്‍ക്കകം കാര്‍ത്ത്യായനിയമ്മ മനോധൈര്യം വീണ്ടെടുത്തു.
സമയം കളയാതെ അടുത്ത ബഞ്ചിലുള്ളവരെല്ലാം ചോദ്യങ്ങള്‍ ഉറക്കെ വായിച്ചുതുടങ്ങി. പിന്നെ, താമസിച്ചില്ല. ചോദ്യ പേപ്പര്‍ മേശപ്പുറത്ത് നിവര്‍ത്തിവച്ചു. പേരും വിലാസവും എഴുതാനുള്ള ഒന്നാംപുറം വേഗം പൂരിപ്പിച്ചു. വിട്ടുപോയ അക്ഷരങ്ങള്‍ പൂരിപ്പിക്കാനുള്ള ആദ്യ ചോദ്യത്തിന് ഉത്തരമെഴുതിക്കഴിഞ്ഞപ്പോള് കാര്‍ത്ത്യായനിയമ്മയ്ക്ക് ആത്മവിശ്വാസം ഇരട്ടിച്ചു.
ചേപ്പാട് കണിച്ചനല്ലൂര് ഗവ.എല്‍.പി.എസില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയാണ് കാര്‍ത്യായനിയമ്മ എഴുതിയത്. എഴുപത്തൊമ്പത് വയസുള്ള രാമചന്ദ്രനാണ് അടുത്ത സീറ്റില്‍. ഇടയ്ക്ക് രാമചന്ദ്രന് കാര്‍ത്ത്യായനിയമ്മയുടെ ഉത്തരക്കടലാസില്‍ നോക്കി. അതൊന്നും ശ്രദ്ധിക്കാന്‍ പക്ഷേ കാര്‍ത്ത്യായനിയമ്മയ്ക്ക് സമയമുണ്ടായിരുന്നില്ല.
വേറെയും ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ അമ്മയ്ക്ക്. കാര്‍ത്ത്യായനിയമ്മ സ്കൂളില്‍ പോയിട്ടേയില്ല. ഇളയമകള്‍ അമ്മിണിയമ്മ രണ്ടുവര്‍ഷം മുന്‍പ് പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചു. അന്നുതുടങ്ങിയതാണ് പഠിക്കാനുള്ള മോഹം. അമ്പലങ്ങളില്‍ തൂപ്പുജോലി ചെയ്താണ് മക്കളെ വളര്‍ത്തിയത്.
കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഈ പ്രായത്തിനിടെ ആശുപത്രിയില്‍ കയറിയിട്ടേയില്ല. സസ്യാഹാരമാണ് ശീലം. ചിലപ്പോള്‍ ദിവസങ്ങളോളം ഒന്നും കഴിക്കില്ല. ചോറുണ്ണുന്നത് അപൂര്‍വം. എന്നും പുലര്‍ച്ചെ നാലിനുണരും. ചെറുപ്പക്കാരേക്കള്‍ വേഗത്തില്‍ നടക്കും.
പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ വിശേഷം ചോദിച്ചെത്തിയവരോട് കാര്‍ത്ത്യായനിയമ്മ തന്റെ പരിഭവം പങ്കുവച്ചു. ഒത്തിരി പഠിച്ചു. അത്രയൊന്നും ചോദിച്ചില്ല. ഇതേ പരീക്ഷയുടെ വായനവിഭാഗത്തില്‍ കാര്‍ത്യായനിയമ്മ മുപ്പതില്‍ മുപ്പത് മാര്‍ക്കും നേടി. 100 മാര്‍ക്കില്‍ ബാക്കി 70 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്.