ആലക്കോട്(കണ്ണൂർ): കാപ്പിമല മഞ്ഞപ്പുല്ലിൽ എസ്റ്റേറ്റ് നടത്തിപ്പുകാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.വെള്ളോറ സ്വദേശി ഭരതനെ (50) യാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞപ്പുല്ലിലെ റിസോർട്ടിനായി വാങ്ങിയിട്ട പന്ത്രണ്ട് ഏക്കർ സ്ഥലത്തെ തൊഴിലാളിയായിരുന്നു മരിച്ച ഭരതൻ.
ഇന്ന് പുലർച്ചെയാണ് മഞ്ഞപ്പുല്ലിന് സമീപം റോഡരുകിലെ കനാലിൽ തല തകർന്ന് ഭരതൻ മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്. നാട്ടുകാരാണ് മരിച്ച നിലയിൽ ഇയാളെ ആദ്യം കണ്ടത്. സമീപത്തായി നാടൻ തോക്കും കിടപ്പുണ്ടായിരുന്നു.
സ്വയം വെടിവച്ചതാണോ അബദ്ധത്തിൽ വെടിപൊട്ടിയതാണോയെന്ന് വ്യക്തമല്ല. മാതമംഗലം സ്വദേശി രമേശ് നന്പ്യാരുടെയാണ് സ്ഥലം. ആലക്കോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.