കഴിഞ്ഞദിവസം എം. മോഹനന് സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ ആഘോഷം നടന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ആഘോഷരാവില്‍ താരമായത് പക്ഷേ നടന് ശ്രീനിവാസനായിരുന്നു. ശ്രീനിയുടെ ഒരു കമന്റ് സദസിനെ കുടുകുടാ ചിരിപ്പിച്ചു.
ശ്രീനിവാസന് മകന് വിനീതിനെപ്പറ്റി പറഞ്ഞതിങ്ങനെ- വിനീത് പല സ്ഥലങ്ങളിലും പരിപാടികളിലുമൊക്കെ പോയി വരുമ്പോള്‍ ഇതുപോലെ മൊമന്റോയുമായി വരും. ഇതൊന്നും ചെന്നൈയില്‍ കൊണ്ടുപോകില്ല. എല്ലാം വീട്ടിലേയ്ക്കാണ് കൊണ്ടുവരുന്നത്. അവിടെ ഈ സാധനം തട്ടി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മൊമന്റോ കാണുമ്പോള്‍ പേടിയാണ്. അതുകൊണ്ട് ഈ സാധനമെങ്കിലും നീ ചെന്നൈയ്ക്ക് കൊണ്ടുപോകണം. വിനീതിനോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്.’-ശ്രീനിവാസന് പറഞ്ഞു.
കൂട്ടായ്മയാണ് അരവിന്ദന്റെ അതിഥികളുടെ വിജയരഹസ്യമെന്ന് വിനീത് പറയുന്നു. ഈ സിനിമയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു. ‘കുറെ കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു, എന്താണ് പറയേണ്ടതെന്ന് അറിയില്ല. എല്ലാവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഈ സിനിമയുടെ പ്രി-പ്രൊഡക്ഷന്‍ തുടങ്ങി ഷൂട്ടിങ് സമയത്തും നിര്‍മാതാവും സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും തിരക്കഥാകൃത്തും സംഗീത സംവിധായകനും എല്ലാവരും ഒരുമിച്ചിരുന്ന് ഈ സിനിമയുടെ തിരക്കഥ വായിച്ചിരുന്നു.
ഈ സിനിമയില്‍ ഉര്‍വശി ചേച്ചിയുടെ അഭിനയമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അഭിനയത്തില്‍ ഒരുപാട് രസതന്ത്രം അറിയാവുന്ന അഭിനേത്രിയാണ് അവര്‍. എന്റെ തലമുറയും എനിക്ക് ശേഷം വരുന്ന തലമുറയും ഇങ്ങനെയുള്ള ആളുകളോടൊപ്പം പ്രവര്‍ത്തിക്കണം. അവരുടെ കഴിവുകള്‍ കണ്ട് പഠിക്കണം.’-വിനീത് പറഞ്ഞു.