സ്വന്തം ലേഖകൻ
കൊച്ചി: മഴയുടെ പകർന്നാട്ടം പ്രകൃതിക്കു നൽകുന്ന വിഭിന്നചിത്രങ്ങൾ പോലെ സമൃദ്ധമാണ് ഇടപ്പള്ളി പത്തടിപ്പാലം കേരള മ്യൂസിയം ആർട്ട് ഗാലറിയിൽ നടക്കുന്ന ഇന്റർനാഷണൽ മണ്‍സൂണ്‍ ആർട്ട് ഫെസ്റ്റ് 2018. ഇടതൂർന്ന് പെയ്യുന്ന മഴ സമ്മാനിക്കുന്ന കുളിരുപോലെ മനസിനെ സന്തോഷിപ്പിക്കുന്ന വർണക്കൂട്ടുകൾ, ഇടി വെട്ടി പെയ്യുന്ന മഴ പോലെ അസ്വസ്ഥത സൃഷ്ടിക്കുന്ന വർത്തമാന കാലത്തിന്റെ പൊള്ളുന്ന കാഴ്ചകൾ, പെയ്തൊഴിഞ്ഞ മഴയിൽ ആകാശത്ത് നിറഞ്ഞ മേഘക്കൂട്ടങ്ങൾ പോലെ വ്യത്യസ്ഥമായ ശില്പങ്ങൾ. ഇത്തരം വൈവിധ്യമാർന്ന കലാസൃഷ്ടികളാണ് ഇവിടെയെത്തുന്ന ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നത്.
വിദേശത്തു നിന്നുൾപ്പെടെ നൂറോളം കലാകാരൻമാരുടെ കൂട്ടായ്മയാണ് മണ്‍സൂണ്‍ ആർട്ട് ഫെസ്റ്റിന് പിന്നിൽ. 100 പെയിന്റിംഗുകളും 15 ശില്പങ്ങളുമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകൾ, ഉത്സവങ്ങൾ, വനം, പക്ഷിയും ആകാശവും, സംഗീതജ്ഞർ, ആധുനിക ജീവിത ശൈലികൾ തുടങ്ങി വ്യത്യസ്തമായ ആശയങ്ങളാണ് കലാസൃഷ്ടികൾക്ക് പ്രേരണയായത്. മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നതും പ്രകൃതിയുമായി അകലുന്നതുമാണ് സൃഷ്ടികളുടെ പ്രധാന പ്രമേയം.
പ്രശസ്ത ശില്ൽപി കാനായി കുഞ്ഞിരാമന്റെ ശില്പങ്ങൾ എല്ലാവർക്കും പരിചിതമാണെങ്കിലും അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ അധികം ആളുകൾ കണ്ടിട്ടുണ്ടാകില്ല. പ്രദർശനത്തിലെ പ്രത്യേകതകളിലൊന്നാണ് കാനായി കുഞ്ഞിരാമന്റെ പെയിന്റിംഗുകൾ. കേരളത്തിലെ പ്രശസ്ത കലാകാരൻമാരായ അജയ് കുമാർ, ജി. രാജേന്ദ്രൻ, ആന്റണി കാരൾ, പി. കലാധരൻ, സജിത ശങ്കർ, രാധ ഗോമതി, അശോക് കുമാർ ഗോപാലൻ, പി. ജി. ദിനേശ്, സിജോ ജേക്കബ് എന്നിവരുടെ സൃഷ്ടികളും ചിത്രകലാസ്വാദകരുടെ മനം നിറയ്ക്കുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, ന്യൂഡൽഹി, ബംഗാൾ, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കലാകാരൻമാർ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയ്ക്കു പുറത്തുനിന്ന് ഒൾഗ ഒകുനേവ ( റഷ്യ), റെയ്മോ ജാറ്റിനെൻ, ഫ്രാങ്ക് കസ്റ്റേഴ്സ് (ബെൽജിയം ) , സായക അരേസ് (ജപ്പാൻ), ടപോ വെല്ലാമ (നോർവേ ), ലൂമാരി മൗഡറ്റ്, ചാർലി ഹോർട്ട് (യുകെ), നാദിര അക്തർ (ബംഗ്ലാദേശ്) എന്നിവരുടെ സൃഷ്ടികളും പ്രദർശനത്തെ സന്പന്നമാക്കുന്നു. പ്രശസ്ത ചിത്രകാരൻമാർക്കൊപ്പം അറിയപ്പെടാത്ത ചിത്രകാരൻമാർക്കും മേളയിൽ പങ്കാളിത്തം നൽകിയിട്ടുണ്ട്. നാലിന് ആരംഭിച്ച പ്രദർശനം നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി. വി. ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
മണ്‍സൂണ്‍ ആർട്ട് ഫെസ്റ്റ് 12 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്. രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രദർശനം. ഇതിനോടകം നിരവധി പേരാണ് പ്രദർശനം കാണാനെത്തിയതെന്ന് കോ -ഓർഡിനേറ്റർ ടി. ആർ. ഉദയകുമാർ പറഞ്ഞു. ഇന്റർനാഷണൽ മണ്‍സൂണ്‍ ആർട്ട് ഫെസ്റ്റിന്റെ രണ്ടാമത്തെ പതിപ്പാണ് ഇടപ്പള്ളിയിൽ നടക്കുന്നത്. പ്രഥമ പതിപ്പിന് വേദിയായത് കോട്ടയമായിരുന്നു.