വടക്കഞ്ചേരി: അങ്ങനെ അജയകുമാർ അതും സാധിച്ചെടുത്തു. വിവിധ മേഖലകളിലെ വിഐപികളുമായുള്ള തന്റെ ചങ്ങാത്തം നാലായിരമാകുന്പോൾ അത് വർണവിവേചനത്തിനും ലിംഗ അനീതികൾക്കുമെതിരേ പോരാടുന്ന ലോകപ്രശസ്ത തന്നെയാകണമെന്നായിരുന്നു അജയകുമാറിന്റെ ആഗ്രഹം.
മനസിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹം അതേപടി സഫലമായപ്പോൾ അജയകുമാറിന്റെ സന്തോഷത്തിനും അതിരില്ലാതായി. പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റും നരവംശ ശാസ്ത്രജ്ഞയുമായ ഇർമ മക്ലൗറിനൊപ്പംനിന്ന് ഫോട്ടോയെടുത്തായിരുന്നു അജയകുമാർ വിഐപിയുടെ മഹാശൃംഖല നാലായിരം തികച്ചത്. ആഫ്രിക്കയിൽനിന്നുള്ള ഇവർ പ്രാന്തവത്കൃതരുടെ ശബ്ദമെന്നാണ് അറിയിപ്പെടുന്നത്. ഇർമ മക്ലൗറിന്റെ പ്രധാന കൃതികളിലൊന്ന് ബ്ലാക്ക് ഫെമിനിസ്റ്റ് ആന്ത്രോപോളജി എന്നതാണ്.
കേരള സാഹിത്യഅക്കാദമി തൃശൂർ ശ്രീ കേരളവർമ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ സാഹിത്യഅക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദവേദിയിലാണ് ഇർമ മക്ലൗറിനുമായി ചങ്ങാത്തത്തിന് അജയകുമാറിനു അവസരം ലഭിച്ചത്.
ഇത്തരത്തിൽ ഒറ്റപ്പെട്ട തരം വിഐപികളെ കണ്ടെത്തി അവർക്കൊപ്പം നില്ക്കുന്ന ഫോട്ടോയും ചെറുവിവരണവും സൂക്ഷിച്ചുവയ്ക്കുകയാണ് കണ്ണന്പ്ര പാറക്കൽ അജയകുമാറിന്റെ ഹോബി. ഇതിനാൽ സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധിപേർ 56 കാരനായ അജയകുമാറിന്റെ സ്നേഹവലയത്തിലുണ്ട്.
ഫോട്ടോഗ്രാഫിയിലുള്ള കന്പവും വിഐപികളെ അടുത്തറിയാനുള്ള ആഗ്രഹവുമാണ് ഈ സാഹസങ്ങൾക്കെല്ലാം പിന്നിൽ. കൊന്നഞ്ചേരിയിലെ വേണുഗോപാലനാണ് വിഐപികളെ തേടിയുള്ള യാത്രയിലെ അജയകുമാറിന്റെ സഹായി.
അജയകുമാറിന്റെ ചങ്ങാത്തകൂട്ടിൽ കയറിക്കൂടാൻ ജാതിയോ മതമോ രാഷ്ട്രീയമോ ദേശാന്തരങ്ങളോ തടസമല്ല. ശരിക്കുള്ള വിഐപിയാകണമെന്ന് മാത്രം.
30 വർഷം പിന്നിട്ട ഈ യാത്ര തുടരാൻ തന്നെയാണ് അജയകുമാറിന്റെ തീരുമാനം. വടക്കഞ്ചേരി ക്ഷീരസംഘത്തിലെ സീനിയർ ക്ലാർക്കാണ് അജയകുമാർ.