എം. രാജീവൻ
കൂത്തുപറമ്പ്: അധ്വാനിച്ച് കിട്ടുന്ന പ്രതിഫലത്തിൽ ദിവസവും ഒരു പങ്ക് രോഗാതുരതയിൽ ബുദ്ധിമുട്ടുന്നവർക്കായി മാറ്റിവയ്ക്കുകയാണ് തങ്കച്ചൻ. ഒരു കൈ നല്കുന്ന സഹായം മറുകൈ അറിയരുതെന്ന നിർബന്ധവുമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പതിവ് തെറ്റിച്ചിട്ടുമില്ല ഇദ്ദേഹം.
എട്ടുവർഷത്തോളമായി കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവറാണ് കോളയാട്പുന്നപ്പാലത്തെ തങ്കച്ചൻ എന്ന ഈ 51 കാരൻ.രോഗാതുരയിൽപെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന പതിവുണ്ട് കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവർമാർക്ക്.അതിനാൽ പലരും ഇവരുടെ അടുത്തേക്ക് സഹായം അഭ്യർഥിച്ചു വരും.
ഇങ്ങനെ സഹായം അഭ്യർഥിച്ചു വരുന്നവർക്ക് തന്റെ വിഹിതമായി തങ്കച്ചൻ തന്റെ ഭണ്ഡാരപ്പെട്ടിയിലെ സംഖ്യ എണ്ണി തിട്ടപ്പെടുത്തുക പോലും ചെയ്യാതെ മുഴുവനായും നല്‍കുകയാണ് ചെയ്യുക. അടുത്ത ദിവസം മുതൽ പുതിയൊരു ഭണ്ഡാരപ്പെട്ടിയിലാവും നിക്ഷേപം തുടങ്ങുക. ഇങ്ങനെ ഒന്നോ രണ്ടോ മാസം ആവുമ്പോഴേക്കും പുതിയൊരാൾക്ക് ആശ്വാസമായി തങ്കച്ചൻ ഭണ്ഡാരപ്പെട്ടി കൈമാറും.
ഇങ്ങനെ ചെയ്യാൻ തുടങ്ങിയതു മുതൽ ദിവസം മുഴുവനായും വല്ലാതൊരു സന്തോഷം നിലനില്‍ക്കുന്നുണ്ടെന്നും യാതൊരു അസുഖവും തനിക്കോ കുടുംബത്തിനും നേരിടാറില്ലെന്നും തങ്കച്ചൻ പറയുന്നു. മാത്രമല്ല തന്റെ പ്രവൃത്തിയിൽ പ്രചോദിതരായി തന്റെ സഹപ്രവർത്തകരായ രണ്ട് ഓട്ടോ ഡ്രൈവർമാർ കൂടി ഇത്തരത്തിൽ സഹായം ചെയ്യാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു.
ഭാര്യ മേരി ജോർജും തങ്കച്ചന്റെ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പൂർണ പിന്തുണ നല്‍കുന്നുണ്ട്. അൽഫോൻസ, ആഗിൻസ് എന്നിവരാണ് മക്കൾ.