കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ച വിഷയത്തിൽ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചർച്ച നടത്തും. വൈകുന്നേരം നാലിനെ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ചർച്ച നടക്കുക.
വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികൾ നേരത്തെ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച വിഷയത്തിൽ പ്രതിഷേധിച്ച് ചില നടിമാർ അമ്മയിൽ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.
വിഷയത്തിൽ അമ്മയ്ക്കെതിരേ വ്യാപക വിമർശനം ഉയർന്നതോടെയാണ് അവർ ചർച്ചയ്ക്കായി ഡബ്ല്യൂസിസി പ്രതിനിധികളെ ക്ഷണിച്ചത്. അമ്മ പ്രസഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരുന്നതിനായി അമ്മയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടിമാരായ ഹണി റോസും രചനാ നാരായണൻകുട്ടിയും നൽകിയ ഹർജി പിൻവലിക്കാൻ നീക്കം തുടങ്ങി. വിഷയത്തിൽ അമ്മയിലെ ഒരു വിഭാഗം താരങ്ങൾക്ക് കടുത്ത എതിർപ്പുയർന്നതും അമ്മയുടെ പിന്തുണ ആവശ്യമില്ലെന്ന് ആക്രമണത്തിനിരയായ നടി തന്നെ വ്യക്തമാക്കിയതുമാണ് ഹർജി പിൻവലിക്കാനുള്ള ആലോചനയ്ക്ക് കാരണം.
ഹർജിയിൽ നടിമാർ ഉന്നയിച്ച ആവശ്യങ്ങൾ അവർ പോലും അറിയാതെ രേഖപ്പെടുത്തിയതാണെന്ന വിമർശനവും ഉയരുന്നുണ്ട്. ആക്രമണത്തിനിരയായ നടി കൂടി സമ്മതിച്ച് സർക്കാർ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അമ്മയിലെ നടിമാരുടെ ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. ഈ ആവശ്യം തങ്ങളുടെ അറിവോടെയല്ലെന്ന നിലപാടാണ് നടിമാർക്കുള്ളത്. ഇതും ഹർജി പിൻവലിക്കാനുള്ള ആലോചനയ്ക്ക് കാരണമായിട്ടുണ്ട്.