കോഴഞ്ചേരി: ഓസ്ട്രേലിയ കാര്‍ണിവല്‍ ക്രൂയിസ് ഷിപ്പിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പോലീസ്. റിമാൻഡിലായ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളാരംഭിച്ചു.
ചെന്നൈ സാലിഗ്രാം കെ.കെ. നഗര്‍ നാലാം സ്ട്രീറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ ഒല്ലൂക്കര പനഞ്ചകം പണിക്കര്‍ റോഡില്‍ പുളിയ്ക്ക പറമ്പില്‍ ഉണ്ണിക്കൃഷ്ണന്നായരെ (52 – ഉണ്ണി ജെയിംസ് ) യാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്നും കോയിപ്രം എസ്ഐ കെ.എസ്. ഗോപകുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ പിന്നിൽ അന്തരാഷ്ട്ര ബന്ധങ്ങളുള്ള തട്ടിപ്പുസംഘമുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ക്രൂയീസ് ഷിപ്പിലേക്ക് വീസയുണ്ടെന്നും പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ചെങ്ങന്നൂര്‍, കോയിപ്രം , തിരുവല്ല , ചങ്ങനാശേരി, മൂവാറ്റുപുഴ തുടങ്ങി സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പലരില്‍ നിന്നും ആറ് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ വിവിധ തവണകളായി വാങ്ങിയത്. ഇയാള്‍ നിര്‍ദേശിച്ചതനുസരിച്ച് കെനിയ, മലേഷ്യ, പോളണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയപ്പിച്ച ശേഷം വീസ നല്‍കാതെ മുങ്ങി നടക്കുകയായിരുന്നു.
വീസ ലഭിക്കാതെ വന്നതിനെതുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിയുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ആറുമാസം മുമ്പ് ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘം ചെന്നെെയില്‍ എത്തിയെങ്കിലും പോലീസിന്റെ സാന്നിധ്യം അറിഞ്ഞ് ഡല്‍ഹിയിലേക്കു കടന്നു.
ജീവകാരുണ്യ പ്രവർത്തനം മറയാക്കി
കോയിപ്രം പഞ്ചായത്തിലെ പുല്ലാട് – ആത്മാവ് ജംഗ്ഷന് സമീപം പാസ്റ്റര്‍ ഉണ്ണി ജെയിംസ് എന്ന പേരില്‍ വാടകയ്ക്ക് താമസിക്കുന്ന കാലയളവിലാണ് മധ്യതിരുവിതാംകൂറിലെ നിരവധി യുവാക്കളില്‍നിന്നും വീസ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയത്. പ്രാർഥനയ്ക്കും ജീവകാരുണ്യ പ്രവർത്തനത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്നറിയിച്ച് ആളുകളിൽ വിശ്വാസം ജനിപ്പിച്ചായിരുന്നു തട്ടിപ്പ്.
പ്രധാന പരാതികൾ ഇങ്ങനെ
പുല്ലാട് – കുറവന്‍കുഴി നെടിയകാലായില്‍ അഭിലാഷിന്റെ കൈയില്‍ നിന്നും മൂന്നു തവണകളായി അഞ്ചു ലക്ഷം രൂപയും, മകന് ജോലി വാഗ്ദാനം ചെയ്ത് റിട്ടയേര്‍ഡ് പോലീസ് എസ്ഐ ചെങ്ങന്നൂര്‍-മാമ്പറ ഡി.ജെ. വില്ലയില്‍ നോയല്‍ ദാനിയേലിന്റെ കൈയില്‍നിന്നും ആറു ലക്ഷം രൂപയും കുമ്പനാട് മുണ്ടമല സ്വദേശിയായ അജിത്തിന്റെ പക്കല്‍നിന്നും അഞ്ചു ലക്ഷവും കുമ്പനാട് സ്വദേശി എബിയുടെ പക്കല്‍നിന്നും അഞ്ചു ലക്ഷവും പുല്ലാട് കുറവന്‍കുഴി നെടുംകാലായില്‍ അനീഷ് കുമാറിന്റെ പക്കല്‍നിന്നും അഞ്ചു ലക്ഷയും രൂപയും ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് ജയിച്ച മകനുവേണ്ടി ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിയില്‍ നിന്നും ആദ്യം 16000 രൂപയും പിന്നീട് 38000 രൂപയും ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളില്‍ നിന്നാണ് പണം തട്ടിയതായും പരാതി ലഭിച്ചിട്ടുണ്ട്.
പണം നൽകിയവരിൽ പത്തുപേരെ വീസ ശരിയായെന്നു പറഞ്ഞു ചെന്നൈയിലേക്കു വിളിപ്പിക്കുകയും വൈദ്യപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നതായി പറയുന്നു. പിന്നെയും വീസ ലഭിക്കാത്തതിനെതുടര്‍ന്നാണ് പണം നല്‍കിയവര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ പരാതി നല്കുകമായിരുന്നു.
പുതിയ തട്ടിപ്പിനായി പരസ്യം നൽകി കുടുങ്ങി
വീസ തട്ടിപ്പിനിടെ മറ്റൊരു പരസ്യം നൽകിയതാണ് ഉണ്ണിക്കൃഷ്ണൻ നായരെ കുടുക്കാൻ പോലീസിനു സഹായകമായത്. പോളണ്ടിലേക്ക് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും വീസ ഉണ്ടെന്ന് ഉണ്ണിക്കൃഷ്ണന് നായര്‍ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയത് അറിഞ്ഞ് അന്വേഷണ സംഘം കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളിനെകൊണ്ട് ഇയാളെ വിളിപ്പിക്കുകയായിരുന്നു.
പത്തുലക്ഷം രൂപ പ്രാഥമികമായി നല്‍കണമെന്നും പണവുമായി കോയമ്പത്തൂരില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംശയം തോന്നിയ ഉണ്ണിക്കൃഷ്ണന് നായര്‍ കോയമ്പത്തൂരിലെത്തിയില്ല. വീണ്ടും ഇയാളുമായി ബന്ധപ്പെടുകയും വിശ്വാസം ജനിപ്പിക്കുകയും ചെയ്തതിനെതുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിൽ പറഞ്ഞ തുക കൈമാറാമെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഇയാളെ തന്ത്രപൂര്‍വം പോലീസ് വലയിലാക്കുകയായിരുന്നു.
ചോദ്യം ചെയ്തതിനെതുടര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള അന്തര്‍ദേശീയ തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയാണെന്നും സിംഗപ്പൂര്‍, മലേഷ്യ, പോളണ്ട്, തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ ഈ തട്ടിപ്പു സംഘത്തിലെ പങ്കാളികളാണെന്നുമാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രതിയെ അറസ്റ്റു ചെയ്ത വിവരമറിഞ്ഞ് ധാരാളം ആളുകള്‍ കോയിപ്രം പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഉദ്ദേശം ഒന്നരകോടിയിലധികം രൂപ ഇയാള്‍ കൈക്കലാക്കിയിട്ടുള്ളതായും അനൗദ്യോഗികമായി പോലീസ് പറഞ്ഞു.