കോഴിക്കോട്: മുസ്ലിം ലീഗിന് ബദലായി മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ഇടതുമുന്നണിയുമായി സഹകരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ നാല് എംഎൽഎമാരും ഐഎൻഎല്ലും ചേർന്നാണ് പാർട്ടി രൂപീകരിക്കുന്നതെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്.
ഇത്തരത്തിൽ യാതൊരു ആലോചനകളും നടന്നിട്ടില്ലെന്നും കാസിം ഇരിക്കൂർ രാഷ്ട്രദീപികയോട് പറഞ്ഞു. ഐഎൻഎല്ലിന്റെ മുന്നണി പ്രവേശന വാർത്തയെ വഴിതിരിച്ചു വിടാനുള്ള ചിലരുടെ നീക്കമാണ് വാർത്തയെന്നും അദ്ദേഹം പറഞ്ഞു. ഐഎൻഎൽ എൽഡിഎഫിൽ പ്രവേശിക്കുന്നതോടെ മുസ്ലിം ലീഗിൽനിന്ന് നിരവധി പ്രരവർത്തകരുടെ കൊഴിഞ്ഞുപോക്കുണ്ടാകും.
ഇത് തടയുന്നതിനുള്ള തന്ത്രമായാണ് ഇത്തരം വാർത്തകളെ ഐഎൻഎൽ കാണുന്നതെന്നും കാസിം ഇരിക്കൂർ പറഞ്ഞു. പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് അണികളെ പിടിച്ചുനിർത്താൻ ലീഗ് നടത്തുന്ന നീക്കം ഫലപ്രദമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. നാല് വ്യക്തികളെ കേന്ദ്രീകരിച്ച് മാത്രം എങ്ങനെയാണ് ഒരു പാർട്ടി രൂപീകരിക്കുകയെന്നും കാസിം ഇരിക്കൂർ ചോദിക്കുന്നു. സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചവർ ആരുംതന്നെ ഇതിന് തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎൻഎല്ലിന് ഓരോ വിഷയത്തിലും വ്യക്തമായ നിലപാടുണ്ട്.
ഐഎൻഎല്ലിന്റെ നിലപാടിനെ ബലികഴിച്ച് പാർട്ടി വിപുലീകരിക്കാൻ തങ്ങൾ തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എൽഡിഎഫ് നയം വ്യക്തമാക്കിയതാണ്. എൽഡിഎഫ് വിപുലീകരിക്കുന്പോൾ ഐഎൻഎല്ലിനെയാണ് ആദ്യം മുന്നണിയിൽ പ്രവേശിപ്പിക്കുകയെന്നും കാസിം ഇരിക്കൂർ പറഞ്ഞു. എന്നാൽ സമാന ചിന്താഗതിയുള്ള പി.ടി.എ. റഹീം എംഎൽഎയുടെ എൻഎസ്സി(നാഷണൽ സെക്യുലർ കോൺഫറൻസ്) യുമായി പാർട്ടി നേരത്തെ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുൻ പ്രസിഡന്റ് എസ്.എ. പുതിയവളപ്പിലിന്റെ നേതൃത്വത്തിൽ രണ്ടു വർഷം മുന്പ് തന്നെ ഐഎൻഎൽ ഇക്കാര്യം എൻഎസ്സിയുമായി സംസാരിച്ചതാണ്. മറിച്ച് സമാന ചിന്താഗതികളുള്ള പാർട്ടികൾ ഒന്നിച്ചു മുന്നോട്ട് പോകണമെന്ന ആവശ്യം ഉയർത്തിയായിരുന്ന അന്ന് ചർച്ചയെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
1994ൽ ലീഗ് അഖിലേന്ത്യ അധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗ് വിട്ട് പുറത്ത് വന്നാണ് ഐഎൻഎൽ രൂപീകരിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ ഐഎൻഎൽ ഇടതുനിലപാടാണ് ഉയർത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.