മംഗലംഡാം: മംഗലംഡാമിന്റെ മറുകരയിലെ താമസക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനു റിസർവോയറിലൂടെ പ്രാണൻ അടക്കിപ്പിടിച്ചുള്ള തോണിയാത്ര ചെയ്യണം. ഭീതിജനകമായ ഈ യാത്ര ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അണക്കെട്ട് നിർമിച്ചതുമുതലുള്ള ആറു പതിറ്റാണ്ടുകാലത്തെ ആധിയേറുന്ന യാത്രാചരിത്രമുണ്ട് ഇതിന്.
മഴക്കാലങ്ങളിൽ ഡാം നിറഞ്ഞ് തുളുന്പിനില്ക്കുന്പോൾ അട്ടവാടി, രണ്ടാംപുഴ പ്രദേശത്തുകാരുടെ മനസ് പിടയും.
റിസർവോയറിലൂടെ മുക്കാൽ മണിക്കൂറോളം തോണിയിലോ ചങ്ങാടത്തിലോ യാത്രചെയ്തു വേണം കുട്ടികൾക്ക് ഡാമിലെ സ്കൂളിലെത്താനും മറ്റാവശ്യങ്ങൾക്കെല്ലാം പോകാൻ. തോണിയാത്രയ്ക്കിടെ നല്ല കാറ്റും മഴയും വന്നാൽ പിന്നെ ദൈവാശ്രയം മാത്രമാണ് തുണ. ചികിത്സയ്ക്കും മറ്റേതു കാര്യങ്ങൾക്കും ഈ ദുരിതക്കയം കടക്കണം.
മംഗലംഡാം-കടപ്പാറ റോഡിൽനിന്നും രണ്ടാംപുഴ വഴി അട്ടവാടിയിലേക്ക് വീതികുറഞ്ഞ വഴിയുണ്ട്. ഇവിടത്തെ കർഷകരെല്ലാം സംഘടിച്ചാണ് ഓരോവർഷവും വഴി റിപ്പയർ ചെയ്യുക. ഈ വർഷത്തെ അധിക മഴയിൽ ഉറവ നിറഞ്ഞും വെള്ളം കുത്തിയൊഴുകിയും റോഡ് തകർന്നു.മുന്പൊക്കെ പിക്കപ്പും ജീപ്പുമൊക്കെ കഷ്ടിച്ച് അട്ടവാടിവരെ എത്തുമായിരുന്നു. റോഡ് തകർന്നതോടെ ബൈക്ക് മാത്രമേ ഡാമിന്റെ മറുകരയായ അട്ടവാടിയിലെത്തൂ.
കാറ്റും കോളും ശക്തമായി തുടരുന്പോൾ അട്ടവാടിയിൽനിന്നും ചങ്ങാടത്തിൽ പൊൻകണ്ടത്തേക്ക് കടക്കും. അവിടെനിന്നും ബസിൽ ഡാമിലെത്തണം. റിസർവോയറിൽ നീർനായ്ക്കൾ പെരുകിയതോടെ കുട്ടികൾക്ക് ചങ്ങാടയാത്ര പേടിയാണ്.
ഏതുസമയവും നീർനായ്ക്കൾ കൂട്ടമായെത്തി അക്രമസ്വഭാവം കാണിക്കും.കുട്ടികളുടെ സ്കൂൾ യാത്രയാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. രാവിലെയും വൈകുന്നേരവും മനസ് പിടയുന്ന യാത്രവേണം. രണ്ടാംപുഴയിൽനിന്നും അട്ടവാടിയിലേക്കുള്ള വഴി പഞ്ചായത്ത് ഏറ്റെടുത്ത് നന്നാക്കിയാൽ തങ്ങളുടെ കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് അട്ടവാടിക്കാർ പറയുന്നത്. അന്പതിലേറെ കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നത്.