സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് സംബന്ധിച്ച് നാളുകളായി വിവാദം തുടരുകയാണ്. ബുധനാഴ്ച പുരസ്‌കാര വിതരണം നടന്നു കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ തകൃതിയായാണെന്നതാണ് പ്രത്യേകത.
ഏറ്റവും പുതുതായി, ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനും ഫോട്ടോക്കും താഴെയാണിപ്പോള്‍ വിമര്‍ശകരുടെ പ്രതിഷേധം. പുരസ്‌ക്കാര ജേതാക്കളെ ഒഴിവാക്കി, മുഖ്യാതിഥിയായി ക്ഷണിച്ച മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചടങ്ങിനെ സംബന്ധിച്ചുള്ള കുറിപ്പിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.
മോഹന്‍ലാലിനെ മുഖ്യാതിഥിയായി പുരസ്‌ക്കാര ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുരസ്‌ക്കാരം നേടിയ അഭിനേതാക്കള്‍ മുഖ്യാതിഥികളായ വേദിയില്‍ എന്തിനാണ് മോഹന്‍ലാലിന് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചിരുന്നത്. ഇത് തെളിയിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോ.
‘ഇക്കൊല്ലത്തെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ആളാകും ഒപ്പം ചിത്രത്തില്‍ അല്ലേ സഖാവേ. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു താര പരിവേഷം അവാര്‍ഡ് ചടങ്ങിനു ഒഴിവാക്കണം എന്ന് ചിലര്‍ പറഞ്ഞത് എന്ന് ഇപ്പോള്‍ മനസിലായി’ എന്നാണ് പലരും വിമര്‍ശിച്ചത്. നിരവധി ആളുകള്‍ മുഖ്യമന്ത്രിയുടെ പോസ്റ്റിനെയും മോഹന്‍ലാലിനേയും വിമര്‍ശിച്ച് രംഗത്തെത്തുന്നുണ്ട്.
‘പുരസ്‌ക്കാര ജേതാക്കളായ ഇന്ദ്രന്‍സിന്റെയും പാര്‍വതിയുടെയും കൂടെയുള്ള ഫോട്ടോ കിട്ടാത്തത് കൊണ്ടാകും മോഹന്‍ലാലിന്റെ കൂടെയുള്ള ഫോട്ടോ ഇട്ടതെന്ന് തുടങ്ങി ”തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാര്‍ഡുകളാണിത്” എന്ന് മുഖ്യമന്ത്രി കുറിച്ച വാക്കുകള്‍ വെച്ചുതന്നെ ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ എവിടെ എന്നും അവരെ ഒതുക്കി കളഞ്ഞില്ലേ എന്നും മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത് ഒരു ജനതയെ ആണെന്നും മുഖ്യാതിഥിക്കല്ല പുരസ്‌ക്കാരം ലഭിച്ചതെന്നും പുരസ്‌ക്കാര ജേതാക്കളെയാണ് ചേര്‍ത്ത് നിര്‍ത്തേണ്ടതെന്നും പ്രതിഷേധ സൂചകമായി ആളുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി ചെയ്തത് ശരിയായില്ല എന്നുതന്നെയാണ് കൂടുതല്‍ ആളുകളും വിമര്‍ശനമായി ഉന്നയിച്ചത്. അതേസമയം, പോസ്റ്റിനേയും ഫോട്ടോയേയും വിമര്‍ശിച്ച് രംഗത്തുവന്നവരെ മോഹന്‍ലാല്‍ ഫാന്‍സും മുഖ്യമന്ത്രി അനുകൂലരും അപഹസിച്ചും അധിക്ഷേപിച്ചും രംഗത്തെത്തുന്നുണ്ട്.