കൊച്ചി: നഗരമധ്യത്തിൽ ഓടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തലവൂർ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. ബാനർജി റോഡിൽ കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപത്ത് ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകർന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകൾക്കുതാഴെ ഓടയിലാണു മൃതദേഹം കണ്ടെത്തിയത്.
വർഷങ്ങളായി സ്ഥലത്തു അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് ഷൈലജയെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെൻട്രൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതിൽനിന്നും സ്ലാബ് തകർന്ന ഓടയിൽ കാൽവഴുതി വീണതാണെന്ന മൊഴിയാണു ലഭിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.