മലപ്പുറം: കരിപ്പൂരിൽ നിന്നു കഴിഞ്ഞ മാസം മുതൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന വാഗ്്ദാനം നടപ്പാകാത്ത സാഹചര്യത്തിൽ യുഡിഎഫ് എംപിമാരടങ്ങിയ സംഘം കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടു ആശങ്കയറിയിച്ചു. എംപിമാരായ പി.കെ കുഞ്ഞാലി ക്കുട്ടി, എം.കെ രാഘവൻ, ഇ.ടി മുഹമദ് ബഷീർ, പി.വി.അബ്ദുൾ വാഹാബ് എന്നിവർക്ക് പുറമെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉൾപ്പെട്ട സംഘമാണ് മന്ത്രിയെ കണ്ടു നിവേദനം നൽകിയത്.
കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള എല്ലാ ഉത്തരവുകളും നൽകി കഴിഞ്ഞതായി കേന്ദ്ര മന്ത്രി സുരേഷ് പ്രഭു നിവേദക സംഘത്തെ അറിയിച്ചു. ഇതു സംബധിച്ച എല്ലാ നിർദേശങ്ങളും രേഖാമൂലം തന്നെ ഡിജിസിഎക്ക് നൽകിയിട്ടുണ്ട്. പാർർലമെന്റ് മന്ദിരത്തിലെ ചേംബറിൽ വച്ചായിരുന്നു നിവേദക സംഘം സുരേഷ് പ്രഭുവിനെ കണ്ടത്.
കരിപ്പൂർ വിമാനത്താവളം വിദേശ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളമാണെന്നും മന്ത്രി പറഞ്ഞു. ഗൾഫ് മലയാളികൾ ഇന്ത്യൻ സന്പത്ത് വ്യവസ്ഥക്ക് നൽകുന്ന വിദേശനാണ്യ ശേഖരം ഏറെ വിലപ്പെട്ടതാണ്. ഈ വസ്തുത കൂടി കണക്കിലെടുത്താണ് മന്ത്രിയെന്ന നിലയിൽ വ്യവസ്ഥകളിൽ ഇളവ് നൽകി വലിയ വിമാനങ്ങൾക്കു ഇറങ്ങാനുള്ള അനുമതി നിർദേശം നൽകിയതെന്നും കേന്ദ്ര മന്ത്രി നിവേദക സംഘത്തെ അറിയിച്ചു.