ചെറായി: സംസ്ഥാനത്തെ നടുക്കിയ കടൽ ദുരന്തത്തിൽ കുറ്റക്കാർക്കെതിരെയുള്ള നിയമപോരാട്ടത്തിനും ദുരന്തത്തിൽപെട്ട് മരിച്ചവരുടെ കുടുംബത്തിനു വേണ്ട സഹായങ്ങൾ ചെയ്യുന്ന കാര്യത്തിലും ബിജെപി സംസ്ഥാന ഘടകത്തിന്റെ പുർണ്ണ പിന്തുണയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള പ്രസ്താവിച്ചു.
കേന്ദ്രത്തിന്റെ സഹായം വേണമെങ്കിൽ അതും സാധ്യമാക്കും. ദുരന്തമറിഞ്ഞ് മുനന്പത്തെത്തിയ അദ്ദേഹം ഇന്നലെ രാത്രി ഹാർബറിൽ നടന്ന പ്രാർഥനായോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ പെട്ടവർ തമിഴനായാലും മലയാളിയായാലും എല്ലാം നമ്മുടെ സഹാദരൻമാരാണ്.
ഇവർക്ക് സഹായമെത്തിക്കുന്നതിലും ഇവർക്ക് വേണ്ടി പോരാടുന്നതിലും ദേശമോ, ജാതിയോ , മതമോ ഒന്നും തന്നെ ഒരാൾക്കും ബാധകമാകരുതെന്ന് യോഗത്തിൽ അദ്ദേഹം അഭ്യർഥിച്ചു. രാവിലെ സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. നേതാക്കളെ നിയോജകമണ്ഡലം പ്രസിഡന്റ് വി.വി. അനിൽ, കെ.കെ. വേലായുധൻ, കൈലാസൻ, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.