മാഡ്രിഡ്: ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ ക്വൂര്ട്ടോ ഇനി റയല്‍ മാഡ്രിഡിന്റെ ഗോള്‍വല കാക്കും. ചെല്‍സിയില്‍ നിന്ന് ആറു വര്‍ഷത്തെ കരാറിന് ക്വൂർട്ടോയെ റയല്‍ സ്വന്തമാക്കി. ഏകദേശം 279 കോടി രൂപയും ക്രൊയേഷ്യയുടെ മധ്യനിര താരം മാത്യോ കൊവാസിച്ചിനേയും നല്‍കിയാണ് റയല്‍ ക്വൂര്ട്ടോയിസിനെ തട്ടകത്തിലെത്തിച്ചത്. ഒരു വര്‍ഷത്തേക്ക് വായ്പാ അടിസ്ഥാനത്തിലാണ് കൊവാസിച്ച് ചെല്‍സിയില്‍ കളിക്കുക.
ക്വൂര്ട്ടോ റയലില്‍ എത്തുന്നതോടെ ഇപ്പോഴത്തെ ഗോള്‍കീപ്പര്‍ കെയ്ലര് നവാസ് രണ്ടാം നമ്പര്‍ ഗോള്‍കീപ്പറാകും.
നേരത്തെ തന്നെ ക്വൂര്ട്ടോ ചെല്‍സി വിടാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പരിശീലനം മുടക്കിയ ക്വൂര്ട്ടോ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ സമ്മര്‍ദം വരെ ചെലുത്തിയിരുന്നു. തുടര്‍ന്ന് അത്ലറ്റിക് ബില്‍ബാവോയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ കെപ്പെ അറിസാബെലാഗയെ റിക്കാര്‍ഡ് തുകയ്ക്ക് ചെല്‍സി സ്വന്തം തട്ടകത്തിലെത്തിച്ചു.
2011-ല്‍ ക്വൂര്ട്ടോ ചെല്സിയിലെത്തിയെങ്കിലും ആദ്യ മൂന്ന് സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനായായിരുന്നു കളിച്ചത്. പിന്നീട് ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി. ചെല്‍സിക്കായി 126 മത്സരങ്ങളും അത്ലറ്റിക്കോ മാഡ്രിഡിനായി 111 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ ബെല്‍ജിയത്തിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.