പാരീസ്: അണ്ടര്‍ 20 വനിത ഫുട്ബോള്‍ ലോകകപ്പില്‍ ജര്‍മനി ക്വാര്‍ട്ടറില്‍. ആതിഥേയരായ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് ഡിയില്‍ രണ്ടാം മത്സരത്തില്‍ ചൈനയെ മടക്കമില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ജര്‍മനി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യമത്സരത്തില്‍ ജര്‍മനി നൈജീരിയയെ പരാജയപ്പെടുത്തിയിരുന്നു. ചൈനയ്ക്കെതിരേ ആദ്യ പകുതിയിൽ തന്നെ ജര്‍മനി രണ്ടു ഗോളടിച്ച് ജയം ഉറപ്പിച്ചു. ജ്യൂലിയ ഗ്വിന് (31-ാം മിനിറ്റ്), ലോറ ഫ്രൈഗാന്ഗ് (40-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍നേടിയത്.
സ്റ്റെഫാനി സാന്‍ഡേഴ്സിന്റെ പാസില്‍നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ബോക്സിന്റെ വലതുമൂലയില്‍നിന്ന് ഗ്വിന് പായിച്ച ശക്തമായ ഷോട്ട് വലയുടെ ഇടതു മൂലയില്‍ തറച്ചു. ജര്‍മനിയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ചൈനീസ് താരങ്ങള്‍ പരാജയപ്പെട്ടതാണ് രണ്ടാം ഗോളിനിടയാക്കിയത്.
സോഫിയ ക്ലീന്ഫെറന് ഉയര്‍ത്തി വിട്ട പന്ത് ബോക്സിനുള്ളില്‍നിന്ന ഫ്രൈഗാന്ഗ് ഹെഡറിലൂടെ വലയിലാക്കി.ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാമെന്ന മോഹവുമായി ഇറങ്ങിയ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.