മുംബൈ: ഇന്ത്യയുടെ വളർച്ചാസാധ്യതയേപ്പറ്റിയുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തേരിലേറി ഓഹരികൾ കുതിക്കുന്നു. സെൻസെക്സ് ഇന്നലെ 38,000നു മുകളിൽ ക്ലോസ് ചെയ്ത് ചരിത്രം കുറിച്ചു. നിഫ്റ്റിയും റിക്കാർഡ് ക്ലോസിംഗ് നടത്തി.
കന്പനികളുടെ റിസൾട്ടുകൾ മികച്ചതായി. വിദേശിയും സ്വദേശിയുമായ നിക്ഷേപസ്ഥാപനങ്ങൾ പണം കൊണ്ടുവരുന്നു, അടുത്ത ദശകങ്ങളിൽ ഇന്ത്യയാകും ലോകവളർച്ചയുടെ ചാലകശക്തി എന്ന് ഐഎംഎഫ് പ്രവചിക്കുന്നു; ഓഹരിവിപണി കുതിച്ചുപായാൻ മറ്റെന്തുവേണം? ഐസിഐസിഐ ബാങ്ക് ഓഹരി രണ്ടുവർഷത്തിനുള്ളിൽ 100 ശതമാനം വളർച്ച നേടുമെന്ന ജെ.പി. മോർഗൻ പ്രവചനം ബാങ്ക് ഓഹരികൾക്കെല്ലാം ഉത്തേജനം പകർന്നു.
സെൻസെക്സ് ഇന്നലെ ആദ്യമായി 38,000 മറികടന്നു. മാത്രമല്ല 38,000ത്തിനു മുകളിൽ ക്ലോസ് ചെയ്യുകയും ചെയ്തു. തലേന്നത്തേക്കാൾ 136.81 പോയിന്റ് നേട്ടത്തിലാണ് 38,024.37ലെ ക്ലോസിംഗ്. 37,000നു മുകളിലായിട്ടു വെറും 11 വ്യാപാരദിനംകൊണ്ട് സെൻസെക്സ് അടുത്ത ആയിരം കടന്നു.
നിഫ്റ്റി 11,470.7 എന്ന പുതിയ റിക്കാർഡിൽ ക്ലോസിംഗ് നടത്തി.
ഐസിഐസിഐ ബാങ്ക് ഓഹരി 4.64 ശതമാനം കയറിയപ്പോൾ ആക്സിസ് ബാങ്കിന് 3.86 ശതമാനം നേട്ടമുണ്ടായി.