ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ് ഗ്രാജേ്വറ്റ് (പിജി) ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിൽ നോണ്‍ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാരെ ക്ലിനിക്കൽ വിഭാഗത്തിൽ ഡ്യട്ടിക്കായി നിയമിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണു സമരം നടത്തുന്നത്.
മറ്റു ഗവണ്മെന്റ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും റഫർ ചെയ്യുന്ന രോഗികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. അതിനാൽ അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പിജി ഡോക്ടർമാർ പ്രാവിണ്യം കുറഞ്ഞ വരാണെന്നും ഇവരെ ഇങ്ങനെ നിയമിച്ചാൽ സ്ഥിര നിയമനങ്ങൾക്ക് കാലതാമസം നേരിടുമെന്നും, പലരുടെയും പ്രായം പിഎസ്സിക്ക് അപേക്ഷ നൽകാൻ കഴിയാത്ത വിധമാകുമെന്നും പിജി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ താൽക്കാലികമായി നിയമിക്കപ്പെട്ട ഡോക്ടർമാരെ മാറ്റി വിദഗ്ധ ഡോക്ടർമാരെ നിയമിക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കോളജ് അധികൃതർ തയാറാകാത്തതിനാലാണ് അനിശ്ചിതകാല സമരം നടത്തേണ്ടിവരുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹി ഡോ. ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു.