ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി ജലോത്സവം ഈ മാസം 18നും 21നും ഇടയ്ക്കു നടത്താൻ തീരുമാനം. മന്ത്രി ഡോ. തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ ഇന്നലെ ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഈ മാസം 11നു നടക്കേണ്ടിയിരുന്ന ജലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും കനത്ത മഴയുടെയും വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാലാണ് മാറ്റിവച്ചത്.
ജലമേളയിലെ മുഖ്യാതിഥിയായ സച്ചിൻ തെണ്ടുൽക്കറിന് എത്താനുള്ള സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും മൽസര തീയതി തീരുമാനിക്കുകയെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും മന്ത്രി തോമസ് ഐസക് പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നെഹ്റുട്രോഫി മാറ്റിവയ്ക്കുന്നത് വഴി 30ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവർക്കു ജലോത്സവം കാണാൻ സൗകര്യം നൽകും. 13 മത്സരങ്ങളെ ഉൾപ്പെടുത്തി ചാന്പ്യൻസ് ബോട്ട് ലീഗ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നെഹ്റുട്രോഫി കൂടുതൽ നീട്ടിക്കൊണ്ടുപോകാനാകില്ല. 18നു നടക്കുന്ന പുളിങ്കുന്ന് വള്ളം കളി ഒഴികെയുള്ളതെല്ലാം നിശ്ചിത സമയത്തു തന്നെ നടക്കും.
നെഹ്റുട്രോഫി മാറ്റിവച്ചതിനാൽ പുളിങ്കുന്ന് ജലോത്സവം 18നു നടത്താൻ കഴിയില്ല. ഇതിന്റെ തീയതി പിന്നീട് നിശ്ചയിക്കും. 11ലെ ജലമേളയിൽ പങ്കെടുക്കാൻ ഓണ്‍ലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്തവരിൽ മാറ്റിവച്ച ദിവസം എത്താൻ കഴിയാത്തവർക്കു ടിക്കറ്റിന്റെ പണം തിരികെ നൽകും.
തുടർന്നുള്ള ദിവസങ്ങളിലും ടിക്കറ്റ് വില്പന തുടരുമെന്നും മന്ത്രി അറിയിച്ചു. ബോട്ട് ക്ലബുകൾക്ക് പരിശീലനത്തിനായി അധികം ചെലവാകുന്ന തുകയിൽ ഒരു വിഹിതം സർക്കാർ നൽകുന്നത് പരിഗണിക്കും. ഇതിനായി കൂടുതൽ സ്പോണ്‍സർമാരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
നെഹ്റുട്രോഫി സ്റ്റാർട്ടിംഗ് കുറ്റമറ്റതാക്കുന്നതിനായി മുഹമ്മ സ്വദേശി ഋഷികേശ് കണ്ടുപിടിച്ച ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തും. ഇതു വിജയകരമായാൽ ലീഗിലെ മുഴുവൻ മത്സരങ്ങൾക്കും സംവിധാനം ഉപയോഗപ്പെടുത്തും.
സ്റ്റാർട്ടിംഗ് സമയത്തെ അച്ചടക്ക രാഹിത്യം ഇല്ലാതാക്കാൻ ഇത്തരം ചുണ്ടനുകളെ സീസണിലെ ലീഗ് മത്സരങ്ങളിൽ പങ്കെടുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. കളക്ടർ എസ്. സുഹാസ്, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രൻ, സബ്കളക്ടർ കൃഷ്ണതേജ എന്നിവരും സംബന്ധിച്ചു.