നെടുന്പാശേരി: വെള്ളപ്പൊക്ക ഭീഷണി, നെടുന്പാശേരി വിമാനത്താവളത്തിൽ ആശങ്ക അകലുന്നില്ല. പെരിയാറിൽ വെള്ളമുയർന്നപ്പോൾ കൈവഴിയായ ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിനു സമീപം ഇന്നലെ വെള്ളം കയറിയിരുന്നു.
ഇതുമൂലം രണ്ടു മണിക്കൂർ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. ചെറുതോണിയിൽനിന്നും ഇന്ന് 1,20,000 ക്യുബിക് അടി വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ഉച്ചയോടുകൂടി വിമാനത്താവളത്തിൽ വീണ്ടും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വിമാനത്താവളത്തിലെ ക്രൈസിസ് മാനേജ്മെന്റ് ഇതുസംബന്ധിച്ച സാഹചര്യം വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഓവുചാലുകൾ വഴി വരുന്ന വെള്ളം റണ്‍വേയിലേക്കു കയറാതെ തത്സമയം പുറത്തേയ്ക്കു കളയുന്നതിനു പന്പ് സെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിനിടെ, വിമാനത്താവളത്തിലുള്ള ഹജ്ജ് ക്യാന്പിലേക്കുള്ള സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും കാരണവശാൽ ഹജ്ജ് വിമാനങ്ങൾ മുടങ്ങിയാൽ കൂടുതൽ യാത്രക്കാരെ ഇവിടെ താമസിപ്പിക്കേണ്ടിവരും. സന്ദർശകരുടെ സാന്നിധ്യം ഇതിനു തടസമാകും എന്ന വിലയിരുത്തലിലാണു സന്ദർശകരെ വിലക്കിയിട്ടുള്ളത്.