കളമശേരി: ഏലൂരിലെ വെള്ളപൊക്ക ബാധിത പ്രദേശങ്ങളിൽ മോഷണം വ്യാപകമായതായി പരാതി. വെള്ളം കയറിയ വീടുകളിൽ താമസക്കാർ ഒഴിഞ്ഞ സമയം നോക്കി വീട്ടുപകരണങ്ങളും വളപ്പിലെ വാഴക്കുലകളും വെട്ടിക്കൊണ്ടു പോകുന്നതായാണ് പരാതി.
ഇന്ന് പുലർച്ചെ വീടുകളിലെ പ്രധാന രേഖകൾ എടുക്കാനായി തോണിയിലെത്തിയവരാണ് വാഴക്കുലകൾ നഷ്ടപ്പെട്ടത് കണ്ടത്. വെള്ളം കയറിയപ്പോൾ പലരും വീടിന് മുകളിലും മറ്റുമായി കെട്ടിവച്ചാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വന്നത്.
ഇവയെടുക്കാൻ വന്നപ്പോഴാണ് മോഷണം പോയതായി കണ്ടെത്തിയത്. ഇതിനെ തുടർന്ന് കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിലാക്കി ഗൃഹനാഥന്മാർ വീടിന് കാവൽ നിൽക്കുകയാണ്. ഏലൂർ നഗരസഭയിൽ ഐഎ സി യ്ക്ക് സമീപം ബോസ്കോ കോളനിയിലാണ് ഏറ്റവും കൂടുതൽ വെള്ളം ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതായി നാട്ടുകാർ പറയുന്നു.
പറവൂർ താലൂക്കിൽ പെടുന്ന ഏലൂരിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയാണ്. കുറ്റിക്കാട്ടുകര സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നുണ്ട്. ഇവിടേയ്ക്ക് വേണ്ട ഭക്ഷണ വസ്തുക്കൾ നഗരസഭ നൽകുന്നുണ്ട്. ഏലൂർ ഫയർഫോഴ്സ്, കളമശേരി എ ആർ ക്യാമ്പിലെ പോലീസുകാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്.
ആശങ്കയിൽ ആലുവയും: കൂടുതൽപേരെ മാറ്റാനൊരുങ്ങുന്നു
ആലുവ: പെരിയാറിൽ ജലനിരപ്പ് ഉരുന്നതിൽ ചങ്കിടിച്ച് ആലുവ നിവാസികളും. ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നതോടെ ഇവിടെനിന്നുള്ള വെള്ളം ഉച്ചയോടെ ആലുവയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നത് ദുരിതം വർധിപ്പിക്കുമെന്നാണു പരിസര വാസികൾ പറയുന്നത്.
നിലവിൽ ഇന്നു രാവിലെ പെരിയാറിനെ ജലനിരപ്പ് കുറഞ്ഞെങ്കിലും കൈ തോടുകൾവഴി ഉൾപ്രദേശങ്ങളിലേക്കു കയറിയ വെള്ളം ഇപ്പോഴും തുടരുന്നു. ഇതു പല പ്രദേശങ്ങളിലും കൃഷി നാശത്തിനും ഗതാഗതം മുടങ്ങുന്നതിനും ഇടയാക്കിയിട്ടുണ്ട്.
ചെറുതോണി ഡാമിൽ കൂടുതൽ ഷട്ടറുകൾ തുറന്നതോടെ ഒഴുകിയെത്തുന്ന വെള്ളം തോടുകൾ വഴി ഈ പ്രദേശങ്ങളിലെത്തുന്നതു ദുരിതം വർധിപ്പിക്കുന്നതിനും ഇടയാക്കും. ഇതിനു മുൻകരുതെലെന്നോണം തോടുകൾക്ക് ഇരു കരകളിലും താമസിക്കുന്ന കുടുംബങ്ങളെ മാറ്റിമാർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ആലുവ മണപ്പുറം ഇന്നലെതന്നെ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ശിവക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളമെത്തി. ഇടുക്കിയിൽനിന്നും കൂടുതൽ വെള്ളം ഒഴികിയെത്തിയാൽ ഇവിടങ്ങളിൽ ഇനിയും വെള്ളം ഉയരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.